14 ലക്ഷത്തിന്റെ സ്വർണവുമായി തമിഴ്നാട് സ്വദേശി പിടിയിൽ
Wednesday, November 29, 2023 6:10 AM IST
ശംഖുംമുഖം: വിദേശത്ത് നിന്ന് കടത്താൻ ശ്രമിച്ച 14 ലക്ഷം വില വരുന്ന സ്വർണവുമായി തമിഴ്നാട് സ്വദേശി തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി.
തമിഴ്നാട് തിരുനെൽവേലി മേലേപാളയം സ്വദേശി സെയ്ദ് മുഹമ്മദ് അബ്ദുൾ ഖാദറിനെ(28)യാണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്.
ചൊവ്വാഴ്ച രാത്രി എട്ടിന് ഷാർജയിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ 546-ാം നമ്പർ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാൾ. 228 ഗ്രാം തൂക്കം വരുന്ന സ്വർണം രണ്ട് കട്ടിംഗ് ചെയിനുകളാക്കി കറിക്കത്തികളുടെ ബോക്സിൽ പ്രത്യേക തരം പേപ്പർ ഉപയോഗിച്ച് പൊതിഞ്ഞ് ഒളിപ്പിച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.
കസ്റ്റംസിന്റെ എക്സ്റേയിൽ ലഗേജിൽ സംശയം തോന്നിയതിനെ തുടർന്ന് എയർ കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശ പ്രകാരം ഉദ്യോഗസ്ഥർ വിശദമായി ലഗേജുകൾ പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്.