യുക്രെയ്ന് ചാര സംഘടനാ തലവന്റെ ഭാര്യ വിഷബാധയേറ്റ് ആശുപത്രിയില്‍
Wednesday, November 29, 2023 5:40 AM IST
കീവ്: യുക്രെയ്നിലെ പ്രധാന ചാരസംഘടനയുടെ തലവന്‍ ലെഫ്.ജനറല്‍ കിറിലോ ബുണ്ടാനോവിന്റെ ഭാര്യ മരിയാന ബുണ്ടാനോവയ്ക്ക് ലോഹങ്ങളില്‍ നിന്നുള്ള വിഷബാധയേറ്റതായി വിവരം.
യുക്രെയ്നിയന്‍ ഇന്റലിജന്‍സ് വിഭാഗം വക്താവ് ആന്‍ഡ്രി യുസോവാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് ഏജന്‍സികളിലെയും നിരവധി ജോലിക്കാരില്‍ വിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെന്ന് പറഞ്ഞ യുസോവ് എത്ര പേര്‍ക്ക് വിഷബാധയേറ്റുവെന്ന് വ്യക്തമാക്കിയില്ല.
ഈ വിഷബാധയുടെ പിന്നില്‍ റഷ്യയാണെന്ന് സ്ഥിരീകരിക്കുന്ന തരത്തില്‍ യുക്രെയ്ന് മാധ്യമങ്ങളില്‍ നിന്ന് ഇതുവരെ പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല. ജനറല്‍ ബുണ്ടാനോവിനെ ലക്ഷ്യം വച്ചുള്ള ആക്രമണമാണോ ഇതെന്നും വ്യക്തമല്ല.
യുക്രെയ്ന്റെ മുഖ്യ രഹസ്യാന്വേഷണ സംഘടനയായ ഡയക്ടറേറ്റ് ഓഫ് ഇന്റലിജന്‍സി(ഡിഐയു)ന്റെ മേധാവിയാണ് ബുണ്ടാനോവ്.
2022ല്‍ റഷ്യ യുക്രെയ്നില്‍ അധിനിവേശം നടത്തിയപ്പോള്‍ റഷ്യന്‍ സൈന്യത്തിനെതിരേ നടന്ന പല നിര്‍ണായക സൈനിക നീക്കങ്ങള്‍ക്കും പിന്നിലെ സൂത്രധാരന്‍ ബുണ്ടാനോവ് ആയിരുന്നു.
വിഷബാധയേറ്റതിനു ശേഷം ബുണ്ടാനോവ ആശുപത്രിയില്‍ ചികിത്സ തേടിയതായി യുക്രെയ്ന് രഹസ്യാന്വേഷണ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ബുണ്ടാനോവ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ഏത് ലോഹത്തില്‍ നിന്നുള്ള വിഷബാധയാണേറ്റതെന്ന് വ്യക്തമല്ലെന്നും ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് വ്യക്തമാക്കി.
സൈനിക ജീവിതത്തില്‍ ഒരിക്കലും ഉപയോഗിക്കേണ്ടി വരാത്ത ഒരു ലോഹമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷണത്തിലൂടെ ആയിരിക്കാം വിഷാംശം ശരീരത്തില്‍ എത്തിയതെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ബുണ്ടാനോവയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.