കുസാറ്റ് ദുരന്തം: വൈസ് ചാന്‍സിലറെ പുറത്താക്കണം, ജുഡീഷ്യല്‍ അന്വേഷണം വേണം: ഗവര്‍ണര്‍ക്ക് പരാതി
Monday, November 27, 2023 10:26 PM IST
കൊച്ചി: കുസാറ്റ് കാമ്പസില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് നാലു പേര് മരിച്ച സംഭവത്തില്‍ സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയെന്നാരോപിച്ച് കുസാറ്റ് വൈസ് ചാന്‍സിലറെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കിയത്. ആഘോഷം നടത്താനുള്ള ഹൈക്കോടതി ഉത്തരവ് വൈസ് ചാന്‍സിലര്‍ ലംഘിച്ചുവെന്ന് പരാതിയിലുണ്ട്.
യൂണിവേഴ്സിറ്റി കാമ്പസുകളിൽ വിദ്യാർഥികളുടെ പരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ അടങ്ങിയ ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിൽ വൈസ് ചാന്‍സിലര്‍ ഡോ. പി.ജി. ശങ്കരന് വീഴ്ചവരുത്തിയെന്നും അതിനാല്‍ തല്‍സ്ഥാനത്ത്നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്നുമെന്നുംപരാതിയില് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് ആവശ്യപ്പെട്ടു.
നാല് വിദ്യാർഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്താൻ സർക്കാറിന് നിർദേശം നൽകണമെന്നും അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവര്‍ക്കും സാമ്പത്തിക സഹായം നല്കാന് ശിപാര്‍ശ ചെയ്യണമെന്നും ഗവര്‍ണര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരം ഗവൺമെന്റ് എൻജിനിയറിംഗ് കോളേജിൽ 2015 ൽ ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാർഥികൾ സംഘടിപ്പിച്ച വാഹന റാലിക്കിടെ നിലമ്പൂർ സ്വദേശിനിയായ ഒരു എൻജിനിയറിംഗ് വിദ്യാർഥിനി മരിച്ചതിനെ തുടർന്നാണ് ഹൈക്കോടതി നിർദേശങ്ങൾ നൽകിയത്.
സർക്കാർ എല്ലാ യൂണിവേഴ്സിറ്റികളിലും കോളജുകളിലും ഉത്തരവ് കർശനമായി നടപ്പിലാക്കാൻ 2015ൽ തന്നെ നിർദേശവും നൽകിയിരുന്നു.
മുൻവർഷങ്ങളിൽ കുസാറ്റിലും ഈ മാർഗ നിർദേശങ്ങൾ അനുസരിച്ച് വിസി ചുമതലപ്പെടുത്തുന്ന അധ്യാപകരുടെ മേൽനോട്ടത്തിലാണ് കാമ്പസിൽ പരിപാടികൾ സംഘടിപ്പിച്ചിരുന്നതെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന് പ്രവര്‍ത്തകര്‍ പറയുന്നു.
എന്നാൽ കുസാറ്റിൽ ഇപ്പോൾ നടന്ന ടെക് ഫെസ്റ്റിൽ അത്തരത്തിലുള്ള ഒരു മാർഗനിർദേശങ്ങളും പാലിച്ചിരുന്നില്ല.
വിദ്യാർഥികളുടെ പരിപാടികൾ ഏകോപ്പിപ്പിക്കാന്‍ ചുമലതപ്പെട്ട യൂത്ത് ഫെൽഫയർ ഡയറക്ടർ പി.കെ. ബേബിയെ തന്നെ അപകടത്തിന്റെ കാരണങ്ങൾ അന്വേഷിക്കാന്‍ വിസി കഴിഞ്ഞ ദിവസം ചുമതലപ്പെടുത്തിയിരിക്കുന്നത് പൊതുസമൂഹത്തെ അപഹസിക്കുന്നതിനു തുല്യമാണെന്നും ഇവര്‍ ആരോപിച്ചു.
മുൻ കാലങ്ങളിലെ പോലെ സീനിയർ യൂണിവേഴ്സിറ്റി അധ്യാപകർക്ക് ഫെസ്റ്റിന്റെ മേൽനോട്ടചുമതല നൽകുന്നതിനുപകരം നടത്തിപ്പിന്റെ പൂർണ ചുമതല വിസി, വിദ്യാർഥി സംഘടനാ നേതാക്കൾക്ക് നൽകുകയായിരുന്നു.
പരിപാടികളുടെ മേൽനോട്ടത്തിന് അധ്യാപക സാന്നിധ്യം ഉണ്ടാകണമെന്നും രക്ഷാ ചുമതലയ്ക്ക് പോലീസിന്റെയും വിരമിച്ച സൈനികരുടെയും സേവനം ഉപയോഗിക്കണമെന്നുമുള്ള വ്യവസ്ഥകൾ പാലിക്കാൻ വൈസ് ചാൻസിലർ തയാറായില്ല.
2015 ലെ ഹൈക്കോടതി ഉത്തരവ് അനുസരിച്ചിരുന്നുവെങ്കിൽ കുസാറ്റിൽ ശനിയാഴ്ച വൈകിട്ട് ഉണ്ടായ ദുരന്തം ഒഴിവാകുമായിരുന്നുവെന്നും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.