നാലാം ക്ലാസ് വിദ്യാർഥിയെ കോമ്പസിന് കുത്തി പരിക്കേൽപ്പിച്ച് സഹപാഠികൾ
Monday, November 27, 2023 5:11 PM IST
ഭോപ്പാൽ: മധ്യപ്രദേശിൽ നാലാം ക്ലാസ് വിദ്യാർഥിയെ കോമ്പസിന് കുത്തിപ്പരിക്കേൽപ്പിച്ച് സഹപാഠികൾ. ഇൻഡോറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. പരിക്കേറ്റ കുട്ടിയെ സഹപാഠികൾ 108 പ്രാവശ്യം കുത്തിയെന്ന് പോലീസ് പറഞ്ഞു.
വിഷയത്തിൽ ഇടപെട്ട ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി) പോലീസിൽ നിന്ന് അന്വേഷണ റിപ്പോർട്ട് തേടിയിട്ടുണ്ട്. നവംബർ 24 ന് ഉച്ചയ്ക്കാണ് സംഭവം നടന്നതെന്നും കുട്ടിക്ക് ഗുരുതര പരിക്കുകളുണ്ടെന്നും പിതാവ് ആരോപിച്ചു.
സംഭവത്തെക്കുറിച്ച് എയ്റോഡ്രോം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട എല്ലാ കുട്ടികളും 10 വയസിന് താഴെയുള്ളവരാണെന്നും നിയമ വ്യവസ്ഥകൾ അനുസരിച്ച് ഉചിതമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.