ബ്രിഗേഡ് കമാൻഡർ അഹമ്മദ് ഖണ്ടൂർ അടക്കം നാല് ഉന്നത നേതാക്കൾ കൊല്ലപ്പെട്ടുവെന്ന് ഹമാസ്
Monday, November 27, 2023 12:57 AM IST
ഗാസാസിറ്റി: ഇസ്രയേലി സൈന്യത്തിന്റെ ആക്രമണത്തിൽ, വടക്കൻ ഗാസയുടെ ചുമതലയുണ്ടായിരുന്ന ബ്രിഗേഡ് കമാൻഡർ അഹമ്മദ് അൽ ഖണ്ടൂർ അടക്കം നാലുപേർ കൊല്ലപ്പെട്ടെന്ന് ഹമാസ്.
ഖണ്ടൂറിനൊപ്പം കൊല്ലപ്പെട്ട മൂന്നു പേർ സൈന്യത്തിലെ ഉന്നത നേതാക്കളാണ്. ഞായറാഴ്ചയാണ് ഹമാസ് ഇക്കാര്യം പുറത്തുവിട്ടത്. ഇവർ എന്നു കൊല്ലപ്പെട്ടുവെന്ന കാര്യം വ്യക്തമല്ല.
ഹമാസിന്റെ സായുധവിഭാഗമായ അൽ ഖസാമിന്റെ റോക്കറ്റ് യൂണിറ്റ് മേധാവി അയ്മൻ സിയ്യാമാണ് കൊല്ലപ്പെട്ട കമാൻഡർമാരിലൊരാൾ.
ഏഴാഴ്ചയായിത്തുടരുന്ന യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഹമാസ് നേതാക്കളിൽ ഏറ്റവും ഉന്നതനാണ് അഹമ്മദ് അൽ ഖണ്ടൂർ. ഹമാസിന്റെ ഷൂറ സമിതി മുൻ അംഗവും പൊളിറ്റ് ബ്യൂറോ അംഗവുമാണ്. 2002 മുതൽ ഇസ്രയേൽ നടത്തിയ മൂന്നു വധശ്രമങ്ങളെ അഹമ്മദ് അതിജീവിച്ചിരുന്നു.
അബു അനസ് എന്നപേരിലറിയപ്പെട്ടിരുന്ന ഇയാളെ 2017ൽ യുഎസ് ആഗോള ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇയാൾക്കുമേൽ സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തി.
2006ൽ കെറെം ശാലോം അതിർത്തിയിൽ ഇസ്രയേൽ സൈനികപോസ്റ്റ് ആക്രമിച്ച സംഭവത്തിന്റെ സൂത്രധാരൻ ഇയാളാണെന്ന് പറയപ്പെടുന്നു. അതിൽ രണ്ട് ഇസ്രയേൽ പട്ടാളക്കാർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.