സൗമ്യ വിശ്വനാഥന് കൊലക്കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം; വിധി 15 വര്‍ഷങ്ങള്‍ക്കിപ്പുറം
Saturday, November 25, 2023 4:14 PM IST
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതകക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷവിധിച്ച് ഡല്‍ഹി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി. നാല് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്.
പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം ശിക്ഷിച്ചത്. അഞ്ചാംപ്രതി അജയ് സേത്തിയെ മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചു. ജീവപര്യന്തത്തിന് പുറമെ പ്രതികള്‍ പിഴയും അടക്കണം.
ജഡ്ജി രവീന്ദ്രകുമാര്‍ പാണ്ഡേയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്കുശേഷം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. 2008 സെപ്റ്റംബര്‍ 30നാണ് സൗമ്യ കൊല്ലപ്പെട്ടത്.
ഡല്‍ഹിയില്‍ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ മാധ്യമപ്രവര്‍ത്തകയായിരുന്നു സൗമ്യ വിശ്വനാഥന്. രാത്രി ജോലി കഴിഞ്ഞു കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെല്‍സണ്‍ മണ്ഡേല റോഡിലെത്തിയപ്പോള്‍ മോഷ്ടാക്കള്‍ തടയുകയും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയുമായിരുന്നു.
പിന്നീട് കാറില്‍ മരിച്ചനിലയില്‍ സൗമ്യയെ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അപകട മരണമാണെന്നാണ് കരുതിയത്. എന്നാല്‍ വിദഗ്ധ പരിശോധനയ്ക്കൊടുവില്‍ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി.
കേസില്‍ ആദ്യം തുമ്പുണ്ടായില്ല. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ഒരു മെറൂണ്‍ കാര്‍ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. എന്നാല്‍ പ്രതികളെക്കുറിച്ച് യാതൊരുവിവരവും ഉണ്ടായില്ല.
അതിന് ശേഷം 2009 മാര്‍ച്ച് 20 ന് കോള്‍ സെന്റര്‍ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂണ്‍ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് സൗമ്യക്കേസില്‍ വഴിത്തിരിവായത്.
2009 ല്‍ രവി കപൂര്‍, ബല്‍ജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാര്‍, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികള്‍ അറസ്റ്റിലായെങ്കിലും വിചാരണ വര്‍ഷങ്ങള്‍ നീണ്ടു. 2010 ജൂണിലാണ് രവി കപൂര്‍, അമിത് ശുക്ല, മറ്റ് രണ്ട് പ്രതികളായ ബല്‍ജീത് മാലിക്, അജയ് സേത്തി എന്നിവരെ ഉള്‍പ്പെടുത്തി ഡല്‍ഹി പോലീസ് മക്കോക്ക നിയമ പ്രകാരം കുറ്റപത്രം സമര്‍പ്പിച്ചത്.
പിന്നീട് 2010 നവംബര്‍16 ന് സാകേത് കോടതിയില്‍ സൗമ്യ കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. കുറ്റകൃത്യം നടന്ന് 15വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് ആണ് സാകേത് കോടതി അഞ്ച് പ്രതികളും കുറ്റക്കാരെന്ന് വിധിച്ചത്.
ശിക്ഷാവിധി കേള്‍ക്കാന്‍ സൗമ്യയുടെ മാതാവും മറ്റു കുടുംബാംഗങ്ങളും കോടതിയിലെത്തിയിരുന്നു. ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനെതുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാല്‍ സൗമ്യയുടെ പിതാവ് കോടതിയിലെത്തിയിരുന്നില്ല.
ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് സൗമ്യയുടെ മാതാപിതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു. വധശിക്ഷയ്ക്ക് തങ്ങള്‍ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാണ്. തങ്ങള്‍ അനുഭവിച്ചത് അവരും അറിയണമെന്നുമായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.