നിബന്ധനകൾ പാലിച്ചില്ല; സംസ്ഥാനത്ത് 148 ഷവർമ വില്പന കേന്ദ്രങ്ങൾ പൂട്ടിച്ചു
Saturday, November 25, 2023 3:24 PM IST
തിരുവനന്തപുരം: ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും നിർദ്ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ഷവർമ വില്പന നടത്തിയ 148 സ്ഥാപനങ്ങൾ സർക്കാർ പൂട്ടിച്ചു. സംസ്ഥാനത്താകെ 1,287 കേന്ദ്രങ്ങളിൽ 88 സ്ക്വാഡുകളായി തിരിഞ്ഞ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി.
178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്കി. മയോണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും നിർദ്ദേശം ലംഘിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാന്‍ പാടില്ല.
ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ 18 ഡിഗ്രി സെല്‍ഷ്യസിലും ചില്ലറുകള്‍ നാല് ഡിഗ്രി സെല്‍ഷ്യസിലും പ്രവർത്തിപ്പിക്കണം. താപനില പരിശോധിക്കാൻ മോണിറ്ററിംഗ് റിക്കോർഡ്സ് കടകളിൽ വേണം തുടങ്ങിയ നിബന്ധനകളൊന്നും ഷവർമ വില്പന കേന്ദ്രങ്ങൾ പാലിക്കുന്നില്ല.
മയോണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയോണൈസോ മാത്രം ഉപയോഗിക്കുക. മയോണൈസുകള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വയ്ക്കരുത്.
പാസ്ച്വറൈസ് ചെയ്ത മയോണൈസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ പായ്ക്കറ്റ് പൊട്ടിച്ച മയോണൈസ് ഉപയോഗിക്കാൻ പാടില്ല തുടങ്ങിയ നിബന്ധനകളാണുള്ളത്.
ഭക്ഷണം തയാറാക്കുന്നവർ വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം. ഷവര്‍മക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം.
ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല. കോണില്‍ നിന്നും അറുത്തെടുക്കുന്ന മാംസം മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണം.
പാക്ക് ചെയ്ത് നല്കുന്ന ഷവര്‍മയുടെ ലേബലില്‍ പാകം ചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേര്‍ക്കണം. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമപ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന് എടുത്തു മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇത് ലംഘിക്കുന്ന വര്‍ക്കെതിരെ 10 ലക്ഷം രൂപ പിഴ ചുമത്താൻ പറ്റും.