അതിഥി തൊഴിലാളിയുടെ കുഞ്ഞിന് മുലപ്പാലിന്റെ സ്നേഹം പകര്‍ന്ന "അമ്മപ്പോലീസിന്' ബിഗ് സല്യൂട്ട്
വെബ് ഡെസ്ക്
Friday, November 24, 2023 6:17 AM IST
കൊച്ചി: ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പാറ്റ്ന സ്വദേശിനിയുടെ നാലു മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ നല്കി വനിതാ പോലീസ് ഉദ്യോഗസ്ഥ. മന്ത്രി വി. ശിവന്‍കുട്ടിയാണ് മാതൃസ്നേഹത്തിന്റെ ഉത്തമ മാതൃകയായ വാര്‍ത്ത ഫേസ്ബുക്ക് വഴി പുറത്ത് വിട്ടത്.
എറണാകുളത്ത് നിന്നൊരു സ്നേഹ വാര്‍ത്ത എന്ന തലക്കെട്ടോടെയാണ് അദ്ദേഹം കുറിപ്പെഴുതിയത്. എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഐസിയുവില്‍ അഡ്മിറ്റായ പാറ്റ്ന സ്വദേശിയുടെ നാല് കുട്ടികളെ നോക്കാന്‍ ആരും ഇല്ലാത്തതിനാല്‍ രാവിലെ കൊച്ചി സിറ്റി വനിതാ സ്റ്റേഷനില്‍ എത്തിച്ചിരുന്നു.
മറ്റ് മൂന്ന് കുട്ടികള്‍ക്കും ആഹാരം വാങ്ങി നല്കിയപ്പോള് നാലുമാസം മാത്രം പ്രായമായ ഇളയ കുഞ്ഞിന് എന്ത് നല്‍കും എന്നത് ഉദ്യോഗസ്ഥരെ സങ്കടത്തിലാക്കി. എന്നാല്‍ കൊച്ചുകുഞ്ഞുള്ള സിപിഒ എം.എ. ആര്യ കുഞ്ഞിന് മുലയൂട്ടാമെന്ന് അറിയിക്കുകയായിരുന്നു.
കുട്ടികളെ പിന്നീട് ശിശുഭവനിലേയ്ക്ക് മാറ്റിയെന്നും മന്ത്രി പറഞ്ഞു. ഇവരുടെ അച്ഛന് ജയിലിലാണ്. വൈക്കം സ്വദേശിനിയായ ആര്യ മൂന്നു മാസം മുന്‍പാണ് പ്രസവാവധി കഴിഞ്ഞ് ജോലിയില്‍ തിരികെ കയറിയത്. ആര്യയുടെ കുഞ്ഞിനിപ്പോള്‍ ഒന്‍പത് മാസമാണ് പ്രായം.