വ്യാജപ്രചരണം; മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മറിയക്കുട്ടി
Thursday, November 23, 2023 5:10 PM IST
ഇടുക്കി: വ്യാജപ്രചരണത്തിനെതിരെ ദേശാഭിമാനി പത്രാധിപർ ഉൾപ്പടെ പത്ത് പേർക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്ത് മറിയക്കുട്ടി. അടിമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് നൽകിയത്.
ദേശാഭിമാനി പത്രത്തിലൂടെയും സമൂഹമാധ്യമത്തിലൂടെയും അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ദേശാഭിമാനി ചീഫ് എഡിറ്റർ, ന്യൂസ് എഡിറ്റർ എന്നിവരുൾപ്പെടെ 10 പേരാണ് എതിർകക്ഷികൾ.
പെന്ഷന് കിട്ടാത്തതിനെത്തുടര്‍ന്ന് നവംബർ എട്ടിനാണ് 87കാരിയായ മറിയക്കുട്ടി അടിമാലി ടൗണില്‍ ഭിക്ഷയെടുത്ത് സമരം ചെയ്തത്. തുടർന്ന് ദേശാഭിമാനി മുഖപത്രത്തിൽ മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമി ഉണ്ടെന്ന തരത്തിൽ വാർത്ത വന്നിരുന്നു.
പിന്നാലെ 1.5 ഏക്കർ സ്ഥലം മറിയക്കുട്ടിക്കുണ്ടെന്നും രണ്ട് വാർക്കവീടുകൾ വാടകക്ക് നൽകിയിട്ടുണ്ടെന്നും മകള്‍ വിദേശത്താണെന്നുമടക്കമുള്ള വാർത്തകൾ സൈബർ ഇടങ്ങളിലും പ്രചരിച്ചു.
ഒടുവിൽ മറിയക്കുട്ടി തന്നെ ഇറങ്ങി തനിക്ക് സ്വന്തമായി ഭൂമിയില്ലെന്ന വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം വാങ്ങി ആരോപണങ്ങൾ അസത്യമാണെന്ന് തെളിയിക്കുകയായിരുന്നു.