യൂറോക്കപ്പിന് യോഗ്യത നേടി ക്രൊയേഷ്യ; നെതര്‍ലന്‍ഡ്സിന് വമ്പന്‍ വിജയം; ഫ്രാന്‍സിന് സമനില
Wednesday, November 22, 2023 4:19 AM IST
സാഗ്രെബ്: യൂറോക്കപ്പ് യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ അര്‍മേനിയയെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഡിയില്‍ നിന്ന് രണ്ടാമതായി യോഗ്യത ഉറപ്പിച്ച് ക്രൊയേഷ്യ. 43-ാം മിനിറ്റില്‍ ആന്റെ ബുദിമിറാണ് ക്രൊയേഷ്യയുടെ വിജയഗോള്‍ നേടിയത്. ടര്‍ക്കിയാണ് ഗ്രൂപ്പില്‍ ഒന്നാമത്.
ഗ്രൂപ്പ് ബിയില്‍ നടന്ന മത്സരത്തില്‍ ജിബ്രാള്‍ട്ടറിനെ എതില്ലാത്ത ആറുഗോളുകള്‍ക്ക് മുക്കി നെതര്‍ലന്‍ഡ്സ് ഉജ്ജ്വല വിജയം സ്വന്തമാക്കി. ഡച്ച് പടയ്ക്കായി കാല്വിന് സ്റ്റെംഗ്സ് ഹാട്രിക് നേടി, മാറ്റ്സ് വീഫര്‍, ടൂണ്‍ കൂപ്പര്മെയ്നേഴ്സ്,കോഡി ഗാക്പോ എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍.
ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ശക്തരായ ഫ്രാന്‍സിനെ ഗ്രീസ് സമനിലയില്‍ തളച്ചു. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി. ഗ്രൂപ്പില്‍ ഒന്നാമതായി ഫ്രാന്‍സ് മുമ്പേ തന്നെ യോഗ്യത ഉറപ്പിച്ചിരുന്നു. നെതര്‍ലന്‍ഡ്സ് ആണ് ഗ്രൂപ്പില്‍ രണ്ടാമത്.
ബെലാറസ്, റൊമാനിയ, ഇസ്രയേല്‍ എന്നീ ടീമുകളും വിജയം കണ്ടപ്പോള്‍ വെയ്ല്‍സ്-ടര്‍ക്കി മത്സരം സമനിലയില്‍ കലാശിച്ചു. അടുത്ത വര്‍ഷം ജർമനിയിൽ ജൂണ്‍ 14ന് തുടങ്ങുന്ന യൂറോക്കപ്പ് ജൂലൈ 14നാണ് അവസാനിക്കുക.