എൻസിഇആർടി സിലബസിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ ശിപാർശ
Tuesday, November 21, 2023 7:00 PM IST
ന്യൂഡൽഹി: ചരിത്ര പഠനത്തിൽ രാമായണവും മഹാഭാരതവും ഉൾപ്പെടുത്താൻ എൻസിആർടി വിദഗ്ദ സമിതിയുടെ ശിപാർശ. ക്ലാസിക്കൽ ചരിത്രത്തിന്റെ ഭാഗമായാണ് രാമായണവും മഹാഭാരതവും പാഠഭാഗത്ത് ഉൾപ്പെടുത്തുക.
ഭരണഘടനയുടെ ആമുഖം ക്ലാസ് മുറിയുടെ ചുവരുകളിൽ എഴുതിവയ്ക്കാനും ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗൺസിൽ രൂപീകരിച്ച ഉന്നതതല സമിതി ശിപാർശ ചെയ്തു.
സമിതി ചെയർപഴ്സൺ സി.ഐ. ഐസക്കിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏഴ് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികളെ രാമായണവും മഹാഭാരതവും പഠിപ്പിക്കുന്നത് പ്രാധാന്യമർഹിക്കുന്നതാണെന്നും ഐസക് പറഞ്ഞു.
സാമൂഹ്യശാസ്ത്ര സിലബസിൽ രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങൾ പഠിപ്പിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. കൗമാരപ്രായത്തിലുള്ള വിദ്യാർഥികൾ അവരുടെ രാജ്യത്തിന് വേണ്ടി ആത്മാഭിമാനവും ദേശസ്നേഹവും വളർത്തിയെടുക്കുമെന്ന് ഞങ്ങൾ കരുതുന്നു.
ഓരോ വർഷവും ആയിരക്കണക്കിനു വിദ്യാർഥികൾ രാജ്യം വിട്ട് മറ്റു രാജ്യങ്ങളിൽ പൗരത്വം തേടുന്നത് അവരിൽ ദേശസ്നേഹത്തിന്റെ അഭാവം മൂലമാണ്. അവരുടെ വേരുകൾ മനസിലാക്കുകയും രാജ്യത്തോടും സംസ്കാരത്തോടും സ്നേഹം വളർത്തിയെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്- അദ്ദേഹം പറഞ്ഞു.
ചില വിദ്യാഭ്യാസ ബോർഡുകൾ വിദ്യാർഥികൾക്ക് രാമായണം പഠിപ്പിക്കുന്നുണ്ടെങ്കിലും മിത്ത് എന്ന രീതിയിലാണ് പഠിപ്പിക്കുന്നത്. ഈ ഇതിഹാസങ്ങൾ വിദ്യാർഥികളെ പഠിപ്പിച്ചില്ലെങ്കിൽ വിദ്യാഭ്യാസ സമ്പ്രദായത്തിന് ഒരു ലക്ഷ്യവുമില്ല. അത് രാജ്യസേവനമാകില്ല– അദ്ദേഹം കൂട്ടിച്ചേർത്തു.