എയർ ഇന്ത്യയ്ക്കെതിരേ ഭീഷണി വീഡിയോ; ഖാലിസ്ഥാനി ഭീകരനെതിരേ കേസ്
Tuesday, November 21, 2023 1:33 AM IST
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ സര്‍വീസ് അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുന്ന ഭീഷണി വീഡിയോ പുറത്തുവിട്ട ഖാലിസ്ഥാനി ഭീകരന് ഗുര്‍പത്വന്ത് സിംഗ് പന്നൂനെതിരേ എൻഐഎ കേസെടുത്തു.
നവംബര്‍ 19 മുതല്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് അവസാനിപ്പിക്കുമെന്നു പറഞ്ഞതിനും എയര്‍ ഇന്ത്യയില്‍ സഞ്ചരിക്കുന്ന യാത്രക്കാര്‍ക്കു നേരെ ഭീഷണി ഉയര്‍ത്തിയതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
യുഎപിഎ നിയമപ്രകാരമാണ് ഗുര്പത്വന്തിനെതിരേ കേസെടുത്തത്. നവംബര്‍ നാലിന് പുറത്തുവിട്ട വീഡിയോയില്‍ നവംബര്‍ 19നകം എയര്‍ ഇന്ത്യയുടെ സര്‍വീസ് അവസാനിപ്പിക്കാന്‍ സിഖുകാരോട് ഗുര്‍പത്വന്ത് ആഹ്വാനം ചെയ്തിരുന്നു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ്എഫ്ജെ) എന്ന തീവ്ര സിഖ് സംഘടനയുടെ ജനറല്‍ കൗണ്‍സലായി സ്വയം അവരോധിച്ച ആളാണ് പന്നൂന്‍.
സോഷ്യല്‍ വീഡിയോ പ്ലാറ്റ്ഫോമുകളിലൂടെ പന്നൂന്റെ വീഡിയോ പ്രചരിച്ചതോടെ ഇന്ത്യയും കാനഡയുമുള്‍പ്പെടെ, എയര്‍ ഇന്ത്യ പറക്കുന്ന രാജ്യങ്ങളിലെ സെക്യൂരിറ്റി ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചിരുന്നു.
2019ല്‍ ആന്റി ടെറര്‍ ഏജന്‍സി കേസെടുത്തതോടെയാണ് പന്നൂന്‍ എന്‍ഐഎയുടെ നോട്ടപ്പുള്ളിയാകുന്നത്. സെപ്റ്റംബറില്‍ അമൃത്സറിലും ചണ്ഡിഗഢിലുമുള്ള പന്നൂന്റെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടിയിരുന്നു.
2021 നവംബര്‍ മൂന്നിന് എന്‍ഐഎ പ്രത്യേക കോടതി ഇയാള്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബര്‍ 29ന് ഇയാളെ 'പ്രഖ്യാപിത കുറ്റവാളി'യായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.