കൃഷ്ണപിള്ള സ്മാരകം തകർത്ത കേസ്; പി. സാബുവിനെ സിപിഎമ്മിൽ തിരിച്ചെടുത്തു
Saturday, November 18, 2023 11:03 PM IST
ആലപ്പുഴ: കൃഷ്ണ പിള്ള സ്മാരകം തകർത്ത കേസിലെ രണ്ടാം പ്രതി പി. സാബുവിനെ സിപിഎമ്മിൽ തിരിച്ചെടുത്തു. പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ നിർദശപ്രകാരമാണ് നടപടി.
അതേസമയം, കേസിലെ ഒന്നാം പ്രതി ലതീഷിനെ പാർട്ടിയിൽ തിരിച്ചെടുത്തിട്ടില്ല. നേരത്തെ, കേസിലെ അഞ്ച് പ്രതികളെയും കോടതി വെറുതെ വിട്ടിരുന്നു.
സംഭവസമയം സിപിഎമ്മിന്റെ കണർകാട് ലോക്കൽ സെക്രട്ടറിയായിരുന്നു പി. സാബു. വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ലതീഷ് ചന്ദ്രൻ, ഡിവൈഎഫ്ഐ പ്രവർത്തകരായ കഞ്ഞിക്കുഴി ചെല്ലിക്കണ്ടത്തിൽ വീട്ടിൽ പി.ദീപുമോൻ(43), ചെല്ലിക്കണ്ടത്തിൽ വീട്ടിൽ ആർ.രാജേഷ്(44), വടക്കേചിറ വീട്ടിൽ പ്രമോദ് (38) എന്നിവരായിരുന്നു മറ്റ് പ്രതികൾ.
തെളിവുകളുടെ അഭാവത്തെ തുടർന്ന് അഞ്ച് പേരെയും കോടതി വെറുതെ വിട്ടിരുന്നു. തുടർന്ന് പാർട്ടിയിൽ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് പി. സാബുവും ലതീഷ് ചന്ദ്രനും അപേക്ഷ നൽകിയിരുന്നു. എന്നാൽ ഈ വിഷയത്തിന്മേൽ കഴിഞ്ഞ മൂന്ന് വർഷമായി പാർട്ടി നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
തുടർന്നാണ് ഇന്ന് ചേർന്ന കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി യോഗത്തിൽ പി. സാബുവിനെ തിരിച്ചെടുക്കാൻ തീരുമാനമായത്. എന്നാൽ ലതീഷ് ചന്ദ്രനെ തിരിച്ചെടുക്കില്ലെന്നും യോഗത്തിൽ തീരുമാനിച്ചു.
കോടതിയുടെ അന്വേഷണം കൂടാതെ, പാർട്ടി നടത്തിയ അന്വേഷണത്തിൽ പി. സാബു തെറ്റുകാരനല്ലെന്ന് കണ്ടെത്തിയിരുന്നു. പക്ഷെ കുറ്റകൃത്യത്തിൽ ലതീഷ് ചന്ദ്രന് കൃത്യമായ പങ്കുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് അദ്ദേഹത്തെ തിരിച്ചെടുക്കേണ്ട എന്ന തീരുമാനത്തിൽ യോഗം എത്തിച്ചേർന്നത്.