ഗാസയിൽ ക്ലാസ്റൂമുകളിൽ നിന്ന് വീണ്ടും റോക്കറ്റ് ലോഞ്ചറുകളും ഷെല്ലുകളും കണ്ടെത്തിയെന്ന് ഇസ്രയേൽ
Saturday, November 18, 2023 12:59 PM IST
ഗാസ സിറ്റി: ഹമാസ് ഭീകരപ്രവർത്തനങ്ങൾക്കായി സ്കൂളുകളെയും ആശുപത്രികളെയും ഉപയോഗിക്കുന്നുവെന്ന തങ്ങളുടെ വാദങ്ങൾക്ക് ബലംനല്കുന്ന വീഡിയോയുമായി ഇസ്രയേൽ.
ഗാസയിലെ ചെറിയ കുട്ടികൾക്കായുള്ള സ്കൂളുകളിൽ റോക്കറ്റ് ലോഞ്ചറുകളും മോർട്ടാർ ഷെല്ലുകളും കണ്ടെത്തിയതായി ഇസ്രയേൽ സൈന്യം ശനിയാഴ്ച അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോയും ഐഡിഎഫ് പുറത്തുവിട്ടിട്ടുണ്ട്.
ആർപിജികളും മോർട്ടാർ ഷെല്ലുകളും മറ്റ് ആയുധങ്ങളും ഒരു കിന്ഡർഗാർട്ടനിലും വടക്കൻ ഗാസയിലെ ഒരു പ്രാഥമിക വിദ്യാലയത്തിലും കണ്ടെത്തിയെന്നും കിൻഡർഗാർട്ടനുകളിൽ മാരകമായ ആയുധങ്ങളല്ല, കളിപ്പാട്ടങ്ങളാണ് സൂക്ഷിക്കേണ്ടതെന്നുമുള്ള കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഒരു കെട്ടിടത്തിന്റെ ഇടുങ്ങിയ മൂലയിൽ മോർട്ടാർ ഷെല്ലുകൾ പരസ്പരം അടുക്കിയിരിക്കുന്നത് വീഡിയോയിൽ കാണാം. സ്കൂളിൽ നിന്ന് പിടിച്ചെടുത്തതെന്ന പേരിൽ റോക്കറ്റ് ലോഞ്ചറുകളുടെയും വെടിക്കോപ്പുകളുടെയും ചിത്രങ്ങൾ മറ്റൊരു പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്.
നേരത്തെയും കിൻഡർഗാർട്ടനിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുന്ന വീഡിയോ ഐഡിഎഫ് പങ്കുവച്ചിരുന്നു. ഹമാസ് സിവിലിയന്മാരെ മനുഷ്യകവചമായി ഉപയോഗിക്കുന്നതായും സ്കൂളുകളും ആശുപത്രികളും തങ്ങളുടെ ഒളിത്താവളങ്ങളാക്കുന്നതായും ഇസ്രായേൽ ആരോപിക്കുന്നു.
നേരത്തെ, ഒരു ആശുപത്രിയുടെ ബേസ്മെന്റിൽ നിന്ന് സ്ഫോടകവസ്തുക്കളും ആയുധങ്ങളും കണ്ടെത്തിയതായി സൈന്യം അവകാശപ്പെട്ടിരുന്നു. കൂടാതെ ഹമാസ് കമാൻഡറുടെ വീടിന് സമീപത്ത് നിന്ന് ആശുപത്രിയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാതിലോടുകൂടിയ വൈദ്യുതീകരിച്ച തുരങ്കവും അവർ കണ്ടെത്തി.