ആന്റി സെമിറ്റിക് പോസ്റ്റ്; ഇലോണ്‍ മസ്കിനെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്
Saturday, November 18, 2023 3:49 AM IST
വാഷിംഗ്ടണ്‍: ഇലോണ്‍ മസ്ക് ജൂതരെക്കുറിച്ച് നികൃഷ്ടമായ നുണകള്‍ പടച്ചുവിടുന്നുവെന്ന് ആരോപിച്ച് വൈറ്റ്ഹൗസ്. എക്സ് പ്ലാറ്റ്ഫോമില്‍ വന്ന 'ആന്റി സെമിറ്റിക്' പോസ്റ്റിനെ മസ്ക് പിന്തുണച്ചതിനെ പരാമര്‍ശിച്ചായിരുന്നു വൈറ്റ് ഹൗസിന്റെ വിമര്‍ശനം.
ബുധനാഴ്ച എക്സ് പ്ലാറ്റ്ഫോമില്‍ വന്ന ഒരു ആന്റി സെമിറ്റിക് പോസ്റ്റിനോട് 'പരമാര്‍ഥം' എന്നായിരുന്നു മസ്കിന്റെ പ്രതികരണം.
സംഭവം വിവാദമായതോടെ ഇത് ആന്റി സെമിറ്റിക് പോസ്റ്റ് അല്ലെന്നാായിരുന്നു മസ്കിന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്നായിരുന്നു വൈറ്റ് ഹൗസ് വക്താവിന്റെ നിലപാട്.
യഹൂദവിദ്വേഷത്തെയും വംശീയതയെയും പ്രോത്സാഹിപ്പിക്കുന്നതിനെ തങ്ങള്‍ ശക്തമായി എതിര്‍ക്കുന്നുവെന്ന് വൈറ്റ്ഹൗസ് വക്താവ് ആന്‍ഡ്രൂ ബേറ്റ്സ് വ്യക്തമാക്കി.
2018ല്‍ പിറ്റ്സ്ബര്‍ഗിലെ ജൂത സിനഗോഗില്‍ 11 പേരെ കൊലപ്പെടുത്തിയ സംഭവത്തിലെ ആക്രമിയെ പ്രചോദിപ്പിച്ച ഗൂഢാലോചന സിദ്ധാന്തത്തെ പരാമര്‍ശിച്ചായിരുന്നു മസ്കിന്റെ പ്രതികരണം.