ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക; സർക്കാരിന് താക്കീതുമായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
Thursday, November 16, 2023 3:25 PM IST
കൊച്ചി: ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക എപ്പോള്‍ നല്‍കുമെന്ന് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. 2021 മുതലുള്ള കുടിശിക എന്ന് നല്കാന് കഴിയുമെന്ന് രേഖാമൂലം അറിയിക്കാന്‍ സര്‍ക്കാരിന് ട്രൈബ്യൂണല്‍ നിര്‍ദേശം നല്കി.
ഡിസംബര്‍ 11നകം ഇത് സംബന്ധിച്ച മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയില്‍ സ്വന്തം നിലയില്‍ ഉത്തരവിടുമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. ക്ഷാമബത്ത ലഭിക്കുന്നില്ലെന്ന് കാട്ടി എന്‍ജിഒ അസോസിയേഷന് ഭാരവാഹികളാണ് ട്രൈബ്യൂണലിനെ സമീപിച്ചത്.
സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ക്ഷാമബത്ത അനുവദിക്കുന്നില്ല. അതുകൊണ്ട് ട്രൈബ്യൂണല്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ഹര്‍ജി ഹരിഗണിക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധികള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഗണിക്കാനാവില്ലെന്ന് കോടതി പറഞ്ഞു.
ജീവനക്കാരുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ തീരുമാനം അറിയിച്ചില്ലെങ്കില്‍ അവര്‍ക്കനുകൂലമായ വിധി ഉണ്ടാകുമെന്നും ട്രൈബ്യൂണല്‍ മുന്നറിയിപ്പ് നല്കി.