കുടിയേറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ റഷ്യ സഹായിക്കുന്നു; ആരോപണവുമായി ഫിന്‍ലന്‍ഡ്
Wednesday, November 15, 2023 1:44 AM IST
ഹെല്‍സിങ്കി: അനധികൃത കുടിയേറ്റക്കാരെ അതിര്‍ത്തി കടന്ന് ഫിന്‍ലന്‍ഡിലെത്താന്‍ റഷ്യന്‍ അതിര്‍ത്തി സേന സഹായിക്കുന്നുവെന്ന ആരോപണവുമായി ഫിന്നിഷ് പ്രധാനമന്ത്രി പെറ്റേരി ഒര്പോ.
കാറില്‍ എത്തുന്ന കുടിയേറ്റക്കാര്‍ സൈക്കിളില്‍ അതിര്‍ത്തി കടന്ന് അഭയാര്ഥികളാവുകയാണെന്ന് ഫിന്നിഷ് ഉദ്യോഗസ്ഥര്‍ പറയുന്നു.
റഷ്യയുമായി 1,340 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഫിന്‍ലന്‍ഡ് പങ്കിടുന്നത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള, യൂറോപ്പിലെ തന്നെ ഏറ്റവും വലിയ അതിര്‍ത്തിയാണിത്.
അതിര്‍ത്തി കടന്നെത്തുന്നവരുടെ എണ്ണം പൊതുവെ കുറവാണെങ്കിലും കഴിഞ്ഞ ആഴ്ച ഇത്തരത്തിലെത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച ഒരു ദിവസം 24 മണിക്കൂറിനുള്ളില്‍ 60 കുടിയേറ്റക്കാര്‍ അതിര്‍ത്തി കടന്നിരുന്നു. കഴിഞ്ഞ നാലു മാസം കൊണ്ട് 91 പേര് മാത്രം വന്ന സ്ഥാനത്താണിത്.
ഇറാഖ്,യെമന്‍,സിറിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ നിയമപരമായാണ് റഷ്യയിലെത്തുന്നത്. എന്നാല്‍ ഇവര്‍ക്ക് യൂറോപ്യന്‍ യൂണിയന് രാജ്യമായ ഫിന്‍ലന്‍ഡിലേക്ക് കടക്കാന്‍ അനുമതിയില്ലെന്ന് ഫിന്നിഷ് ബോര്‍ഡര്‍ ഗാര്‍ഡിലെ കേണല്‍ മാറ്റി പിറ്റ്കാനിറ്റി വ്യക്തമാക്കി.
കൃത്യമായ രേഖകൡാത്ത ആളുകളെ ഫിന്‍ലന്‍ഡ് ബോര്‍ഡര്‍ കടക്കാന്‍ സാധാരണയായി റഷ്യ അനുവദിക്കാത്തതാണ്, എന്നാല്‍ അടുത്ത കാലത്ത് റഷ്യ നയം മാറ്റിയിരിക്കുകയാണെന്നും പിറ്റ്കാനിറ്റി കൂട്ടിച്ചേര്‍ത്തു.
സൈക്കിളില്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കാമെന്ന വ്യവസ്ഥയെ ദുരുപയോഗം ചെയ്ത് നിരവധി കുടിയേറ്റക്കാരാണ് ഫിന്‍ലന്‍ഡിലേക്ക് കടക്കുന്നത്. ഇതേത്തുടര്‍ന്ന് സൈക്കിളില്‍ അതിര്‍ത്തി കടക്കുന്നത് ഫിന്‍ലന്‍ഡ് വിലക്കിയിരിക്കുകയാണിപ്പോള്‍.