വേള്‍ഡ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം; അന്തിമപ്പട്ടികയിൽ ഇടംപിടിച്ച് നീരജ് ചോപ്ര
Wednesday, November 15, 2023 12:54 AM IST
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കായിക പുരസ്കാരങ്ങളിലൊന്നായ വേള്‍ഡ് അത്ലറ്റ് ഓഫ് ദ ഇയറിന്റെ അന്തിമപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യന്‍ താരം നീരജ് ചോപ്ര.
ഇന്ത്യയ്ക്ക് വേണ്ടി ജാവലിന്‍ ത്രോയില്‍ ഒളിമ്പിക് സ്വര്‍ണം നേടിയ നീരജ് ഈ ഇനത്തിൽ നിലവിലെ ലോകചാമ്പ്യന് കൂടിയാണ്.
അഞ്ച് താരങ്ങളാണ് ഫൈനല്‍ റൗണ്ടിലുള്ളത്. നീരജിന് പുറമേ യുഎസിന്റെ ഷോട്ട് പുട്ട് താരം റയാന് ക്രൗസര്‍, സ്വീഡന്റെ പോള്‍ വോള്‍ട്ട് താരം മോന്‍ഡോ ഡുപ്ലാന്റിസ്, കെനിയയുടെ മാരത്തണ്‍ ലോകചാമ്പ്യന് കെല്‍വിന്‍ കിപ്റ്റം, യുഎസിന്റെ അതിവേഗതാരം നോവ ലൈലെസ് എന്നിവരാണ് പട്ടികയിലുള്ളത്.
ഡിസംബർ 11ന് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. വോട്ടിംഗ് മുഖേനയാണ് പുരസ്കാര നിർണയം.
ഇതുവരെ ഒരു ഇന്ത്യന്‍ താരത്തിനും വേള്‍ഡ് അത്ലറ്റ് ഓഫ് ദ ഇയര്‍ പുരസ്കാരം നേടാനായിട്ടില്ല. നീരജ് പുരസ്കാരം നേടിയാല്‍ അത് ചരിത്രമാകും. കഴിഞ്ഞ തവണ സ്വീഡന്റെ മോന്‍ഡോ ഡുപ്ലാന്റിസാണ് പുരസ്കാരം നേടിയത്. താരം ഇത്തവണയും പട്ടികയിലുണ്ട്.
2020 ടോക്യോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയ നീരജ് ലോകചാമ്പ്യന്‍ഷിപ്പ്, ഡയമണ്ട് ലീഗ്, ഏഷ്യന്‍ ഗെയിംസ്, കോമണ്‍വെല്‍ത്ത് ഗെയിംസ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ് എന്നിവയിലും ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.