ഉഡുപ്പി കൂട്ടക്കൊല: യുവാവ് പിടിയില്‍
Tuesday, November 14, 2023 11:16 PM IST
ഉഡുപ്പി: മാല്‍പെ പോലീസ് സ്റ്റേഷന് പരിധിയിലെ നെജ്ജറില്‍ പട്ടാപ്പകല്‍ അമ്മയേയും മൂന്നു മക്കളെയും വെട്ടിക്കൊന്ന സംഭവത്തില്‍ ഒരു യുവാവ് പിടിയിലായി. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ പ്രവീണ്‍ അരുണ്‍ ചോഗ്ലെ (35)യെയാണ് കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ബെലഗാവിയില്വച്ച് പിടികൂടിയത്.
കൊല്ലപ്പെട്ട കുടുംബത്തിലെ ഒരു പെണ്‍കുട്ടി ഇയാളുടെ പ്രണയവാഗ്ദാനം നിരസിച്ചതാണ് അരുംകൊലയ്ക്ക് കാരണമായതെന്നാണ് സൂചന. മംഗളൂരു വിമാനത്താവളത്തില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന പ്രവീണ്‍ എയര്‍ഹോസ്റ്റസായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയോട് അടുപ്പംകൂടാന്‍ നാളുകളായി ശ്രമിച്ചുവരികയായിരുന്നു.
കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് പോലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് പെണ്‍കുട്ടിയുടെ സഹപ്രവര്‍ത്തകര്‍ പ്രവീണിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ മഹാരാഷ്ട്രയിലേക്ക് രക്ഷപ്പെടാനുള്ള വഴികളിലെല്ലാം പോലീസ് നിരീക്ഷണം നടത്തിവരികയായിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട് ഉഡുപ്പി പോലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല.