കേരളം കേന്ദ്രത്തിന്റെ അടിമയല്ല: ധനമന്ത്രി
Monday, November 13, 2023 11:49 PM IST
കൊച്ചി: കേരളം കേന്ദ്രത്തിന്റെ അടിമയല്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം ഈ നിലയിലാകുന്നതിനെ അംഗീകരിച്ചു നല്‍കില്ല. കേരളത്തിന് അര്‍ഹതപ്പെട്ട പണം എങ്ങനെ നല്കാതിരിക്കാമെന്നാണു കേന്ദ്രം ശ്രമിക്കുന്നത്. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ശബ്ദമുയര്‍ത്തിക്കൊണ്ടേയിരിക്കും. കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങളാണെന്നും കൊച്ചിയില്‍ മാധ്യമങ്ങളോടു പ്രതികരിക്കവേ ധനമന്ത്രി പറഞ്ഞു.
മുരളീധരന് രാഷ്ട്രീയ അസ്വസ്ഥതയാണ്. കേന്ദ്രം നല്‍കേണ്ട ആനുകൂല്യങ്ങള്‍ വെട്ടിക്കുറച്ചിട്ടും കാലിടറി വീഴാതെ മുന്നോട്ടുപോകുകയാണ് കേരളം. തുച്ഛമായ തുക തരുന്നിടത്തു പോലും കേന്ദ്രത്തിന്റെ അനുമതി വേണമെന്ന അവസ്ഥയാണ്. ധനകാര്യ കമ്മീഷന് നികുതിവിഹിത ഇനത്തില്‍ കേരളത്തിനു നേരത്തേ തന്നിരുന്നത് 3.9 ശതമാനമാണ്. ഇതു വെട്ടി 2.5 ശതമാനമായും പിന്നീട് 1.9 ശതമാനമായും കുറച്ചു.
കേന്ദ്രം പിരിക്കുന്ന പണത്തിനകത്ത് 64 ശതമാനം തുകയും സംസ്ഥാനങ്ങളില്‍നിന്നാണ്. ജിഎസ്ടി തുകയുടെ പകുതിയും കേന്ദ്രത്തിന് പോകുന്നു. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ചെലവാക്കുന്ന തുകയില്‍ 40 ശതമാനവും കടമെടുക്കുന്നതാണ്. കേരളം കടമെടുക്കുന്നത് 20 ശതമാനത്തിനടുത്തേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.