പലതും പ്രതീക്ഷിക്കുന്നവരില്‍ നിന്നുള്ള വിധിയില്‍ അദ്ഭുതമില്ല; നീതിതേടി സുപ്രീം കോടതിവരെ പോകും: ആര്.എസ്.ശശികുമാര്‍
Monday, November 13, 2023 4:20 PM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി തള്ളിയ ലോകായുക്ത വിധിക്കെതിരേ ഹര്ജിക്കാനായ ആര്.എസ്. ശശികുമാര്‍. ഈ വിധി താന്‍ പ്രതീക്ഷിച്ചതാണ്. പലതും പ്രതീക്ഷിക്കുന്നവരില്‍ നിന്നുള്ള വിധിയില്‍ അദ്ഭുതമില്ല.
നീതിതേടി ഹൈക്കോടതിയെ സമീപിക്കും. അവിടെ നിന്നും അനുകൂലവിധി ലഭിക്കുന്നില്ല എങ്കില്‍ സുപ്രീംകോടതിയിലും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ സംഭവത്തില്‍ കെ.ടി.ജലീലിന്റെ കേസിനേക്കാള്‍ ഗുരുതമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായത്. ഹര്‍ജിയില്‍ തുടക്കത്തിൽതന്നെ രണ്ട് ജഡ്ജിമാര്‍ തമ്മില്‍ അഭിപ്രായഭിന്നത ഉണ്ടായിരുന്നു.
വിഷയത്തില്‍ സര്‍ക്കാരിന് എതിരായ വിധിന്യായമാണ് ഉണ്ടാകേണ്ടിയിരുന്നത്. അതിനാലാണ് അമേരിക്കയില്‍ ഇരുന്ന് മുഖ്യമന്ത്രിക്ക് ഓര്‍ഡിനന്‍സിലൂടെ ലോകായുക്തയുടെ നിയമം ഭേദഗതി ചെയ്യാന്‍ നിര്‍ദേശം നല്‍കേണ്ടിവന്നത്.
എന്നാല്‍ ഇതില്‍ ഗവര്‍ണര്‍ ഒപ്പിട്ടില്ല. അതിനാല്‍ സര്‍ക്കാര്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗമാണ് ലോകായുക്തയെ സ്വാധീനിക്കുക എന്നത്. ഈ മൂന്നു ജഡ്ജിമാരും സ്വാധീനിക്കപ്പെട്ടു. അതിനു തെളിവാണ് ഭിന്നാഭിപ്രായം മൂന്നംഗ ബെഞ്ചില്‍ സംഭവിക്കഞ്ഞതെന്ന് ശശികുമാര്‍ വിമര്‍ശിച്ചു.
രാമചന്ദ്രന് നായരുമായി ബന്ധമുള്ള ജഡ്ജിമാരില്‍ നിന്നും തലയില്‍ മുണ്ടിട്ടുകൊണ്ട് ഇഫ്താര്‍ വിരുന്നിന് പോയ ന്യായാധിപന്മാരില് നിന്നും സമൂഹം നീതി പ്രതീക്ഷിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.
വിധി പറഞ്ഞ മൂന്നു ജഡ്ജിമാരും സ്വാധീനിക്കപ്പെട്ടു. സര്‍ക്കാരിന് അനൂകലമായ വിധി പറയുന്നത് നിമിത്തം അതിന്റേതായ ഗുണം ഇവര്‍ക്ക് ഭാവിയില്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്ത മുട്ടില്‍ ഇഴയുന്ന കാഴ്ചയാണ് ഇപ്പോള്‍ ഉള്ളതെന്നും ശശികുമാർ പരിഹസിച്ചു.
നേരത്തെ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹര്‍ജി ലോകായുക്ത ഫുള്‍ ബെഞ്ച് തള്ളിയിരുന്നു. പണം നല്കാന് മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ക്രമക്കേട് നടത്തിയിട്ടില്ലെന്നും ലോകായുക്ത വ്യക്തമാക്കിയിരുന്നു.
ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ്, ഉപലോകയുക്തമാരായ ജസ്റ്റീസ് ഹരുണ്‍ അല്‍ റഷീദ്, ജസ്റ്റീസ് ബാബു മാത്യു പി. ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.
വിധി പറയുന്നതില്‍ നിന്നും ഉപലോകായുക്തമാരായ ജസ്റ്റീസ് ഹാറൂണ്‍ അല്‍ റഷീദിനെയും ബാബു മാത്യു പി. ജോസഫിനെയും ഒഴിവാക്കണമെന്ന പരാതിക്കാരന്റെ ആവശ്യവും ലോകായുക്ത തള്ളിയിരുന്നു.