ഗൃഹനാഥനെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യാ കുറിപ്പ് പുറത്ത്
Monday, November 13, 2023 7:18 AM IST
മീനടം: കോട്ടയം മീനടം നെടുംപൊയ്കയിൽ ഗൃഹനാഥനെയും മകനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യാ കുറിപ്പ് വെളിയിൽ വന്നു.
വായ്പയെടുത്തു വാങ്ങിയ ഫോണിന്റെ കുടിശിക മുടങ്ങിയതിനെത്തുടർന്ന് സ്വകാര്യ കന്പനി ജീവനക്കാർ തുടർച്ചയായി ശല്യം ചെയ്തുവെന്നും, ശല്യം സഹിക്കാൻ കഴിയാതെ വന്നതോടെ ജീവനൊടുക്കുകയായിരുന്നുവെന്നും കുറിപ്പിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
മീനടം വട്ടുകളത്തിൽ ബിനു (48), മകൻ ബി.ശിവഹരി (9) എന്നിവരെയാണ് ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകനെ കൊലപ്പെടുത്തിയശേഷം ബിനു ജീവനൊടുക്കിയതാണെന്നു പോലീസ് അറിയിച്ചു.
ആലാംപള്ളി പിവിഎസ് ഗവ. ഹൈസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണു ശിവഹരി. ഇന്നലെ രാവിലെ ആറിനു വീട്ടിൽനിന്നു നടക്കാനിറങ്ങിയതാണു ബിനുവും ശിവഹരിയും.
ഇവരുടെ വീട്ടിൽനിന്ന് 250 മീറ്റർ മാറി ആൾത്താമസമില്ലാത്ത മറ്റൊരു വീടുണ്ട്. അതിന്റെ വിറകുപുരയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. പെരുമ്പാവൂർ സ്വദേശിയുടേതാണു വീട്. ഈ വീട് നോക്കാനേൽപിച്ചിരുന്ന പ്രദേശവാസി രാവിലെ എട്ടിന് എത്തിയപ്പോഴാണു മൃതദേഹങ്ങൾ കണ്ടത്. രേഖയാണ് ബിനുവിന്റെ ഭാര്യ. ഒരു മകളുമുണ്ട്.