സ്ത്രീകൾക്ക് 15,000 രൂപ ധനസഹായം: ഛത്തീസ്ഗഡിൽ വമ്പൻ വാഗ്ദാനവുമായി കോൺഗ്രസ്
Sunday, November 12, 2023 2:38 PM IST
റായ്പുർ: ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരം നിലനിർത്തിയാൽ സ്ത്രീകൾക്ക് 15,000 രൂപ വാർഷിക ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ.
ഈമാസം 17ന് നടക്കാനിരിക്കുന്ന ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടത്തിനു
മുന്നോടിയായാണ് വമ്പൻ പ്രഖ്യാപനം. വിവാഹിതരായ സ്ത്രീകൾക്ക് പ്രതിവർഷം 12,000 രൂപ നൽകുമെന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനത്തിന് ബദലായാണ് കോൺഗ്രസിന്റെ പ്രഖ്യാപനം.
ഇന്ന്, ദീപാവലിയുടെ അവസരത്തിൽ, മാ ലക്ഷ്മി ജിയുടെയും ഛത്തീസ്ഗഡ് മഹ്താരിയുടെയും അനുഗ്രഹത്തോടെ, സ്ത്രീ ശാക്തീകരണത്തിനായി ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നുവെന്ന് ഭൂപേഷ് ബാഗൽ റായ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
കോൺഗ്രസ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ സ്ത്രീകൾക്ക് ഛത്തീസ്ഗഡ് ഗൃഹലക്ഷ്മി യോജനയ്ക്ക് കീഴിൽ 15,000 രൂപ വാർഷിക സഹായം അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭാ സീറ്റുകളിൽ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ഈമാസം ഏഴിന് നടന്നു. ബാക്കി 70 സീറ്റുകളിലേക്ക് നവംബർ 17 ന് വോട്ടെടുപ്പ് നടക്കും.