തെലുങ്കാനയിൽ ടിആർഎസ്-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; എംഎൽഎയ്ക്ക് പരിക്ക്
Sunday, November 12, 2023 2:25 PM IST
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന തെലുങ്കാനയിൽ ഭാരത് രാഷ്ട്ര സമിതി(ടിആർഎസ്)യുടെയും കോൺഗ്രസിന്റെയും പ്രവർത്തകർ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിനിടെ ടിആർഎസ് എംഎൽഎ മുവ്വല ബാലരാജുവിന് പരിക്കേറ്റു.
എംഎൽഎ ആശുപത്രിയിൽ ചികിത്സയിലാണ്. എംഎൽഎയ്ക്കൊപ്പം മറ്റ് ചിലരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
നാഗർകുർണൂൽ ജില്ലയിലെ അച്ചംപേട്ട് ടൗണിൽ ശനിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
എംഎൽഎ വോട്ടർമാർക്ക് പണം വിതരണം ചെയ്യുന്നതായി കോൺഗ്രസ് നേതാക്കൾ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ ചൊല്ലിയുണ്ടായ വാക്കുതർക്കം ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു.
എംഎൽഎയുടെ വീഡിയോ ഗ്രാഫറും സോഷ്യൽ മീഡിയ സംഘം സഞ്ചരിച്ചിരുന്ന കാറും തകർത്തതായി പോലീസ് പറഞ്ഞു. എംഎൽഎ കാമറ ബാഗിൽ പണം എത്തിച്ച് വോട്ടർമാർക്ക് വിതരണം ചെയ്യുകയായിരുന്നുവെന്ന് സംശയിച്ചാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തിയതെന്ന് പോലീസ് പറഞ്ഞു.
നവംബർ 30 നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപിയും ബിആർഎസും കോൺഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്.