പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോലീസുകാരനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു
Sunday, November 12, 2023 10:15 AM IST
ജയ്പുർ: രാജസ്ഥാനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ പോലീസുകാരനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ദൗസ ജില്ലയിലാണ് സംഭവം. സബ് ഇൻസ്പെക്ടർ ഭൂപേന്ദ്ര സിംഗ് ആണ് പെൺകുട്ടിയോട് ക്രൂരത കാട്ടിയത്.
പോക്സോ ആക്ട്, എസ്സി/എസ്ടി ആക്ട് എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തതായി അധികൃതർ ശനിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ചയാണ് പോലീസ് ഉദ്യോഗസ്ഥനെ കസ്റ്റഡിയിലെടുത്ത് സസ്പെൻഡ് ചെയ്തത്.
കേസ് ഉയർന്നതിന് പിന്നാലെ സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. കേന്ദ്രം "ബേട്ടി ബച്ചാവോ"യിൽ വിശ്വസിക്കുമ്പോൾ, അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാർ "റേപ്പിസ്റ്റുകൾ ബച്ചാവോ' വയിലാണ് വിശ്വസിക്കുന്നതെന്ന് ബിജെപി കുറ്റപ്പെടുത്തി.