കളമശേരി സ്ഫോടനക്കേസ്: പ്രതി ഡൊമിനിക് മാർട്ടിനുമായി ഇന്നും തെളിവെടുപ്പ്
Sunday, November 12, 2023 9:29 AM IST
കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാർട്ടിനുമായി ഇന്നും തെളിവെടുപ്പ് നടത്തും. സ്ഫോടനത്തിന് ഉപയോഗിച്ച പെട്രോൾ വാങ്ങിയ പമ്പിലും തമ്മനത്തെ വീട്ടിലുമാണ് ഇന്ന് പ്രതിയുമായി തെളിവെടുപ്പിനെത്തുന്നത്.
ശനിയാഴ്ച ഡൊമിനിക് മാര്‍ട്ടിനെ കൊടകര സ്റ്റേഷനിലെത്തിച്ചു നടത്തിയ തെളിവെടുപ്പിനിടെ പ്രതിയുടെ സ്കൂട്ടറില്‍നിന്ന് നാലു റിമോട്ട് കണ്ട്രോളുകള് കണ്ടെത്തിയിരുന്നു.
സ്ഫോടനം നടന്ന ദിവസം കൊടകര പോലീസ് സ്റ്റേഷനിലേക്ക് എത്താന്‍ പ്രതി ഉപയോഗിച്ച വെളുത്ത ഹോണ്ട ഏവിയേറ്റർ സ്കൂട്ടറില്‍നിന്നാണ് സ്ഫോടനത്തിന് ഉപയോഗിച്ചതാകാമെന്നു സംശയിക്കുന്ന റിമോട്ട് യൂണിറ്റുകള്‍ കണ്ടെടുത്തത്.
സ്റ്റേഷന് പരിസരത്തു സൂക്ഷിച്ചിരുന്ന സ്കൂട്ടറിൽ തെളിവെടുപ്പ് നടത്തിയ അന്വേഷണസംഘം പരിശോധിച്ചപ്പോഴാണു സീറ്റിനടിയില്‍ റിമോട്ടുകള്‍ കണ്ടെത്തിയത്. സംഭവദിവസം താന്‍ സ്റ്റേഷനിലേക്കു കീഴടങ്ങാനായി എത്തിയതു സംബന്ധിച്ച് പ്രതി വിശദീകരിച്ചു. സ്റ്റേഷന് പരിസരത്തു സ്കൂട്ടര്‍ നിര്‍ത്തിയ സ്ഥലവും കാണിച്ചു.
ഈ മാസം 15 നാണ് ഡൊമിനിക് മാര്‍ട്ടിനെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടത്. നാലുദിവസം കൂടി കസ്റ്റഡി കാലാവധി ശേഷിക്കേ കേസിൽ പരമാവധി തെളിവ് ശേഖരിക്കുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.