കർഷകന്റെ ആത്മഹത്യ: പിആർഎസ് വായ്പയല്ല സിബിൽ സ്കോറിനെ ബാധിച്ചതെന്ന് മന്ത്രി അനിൽ
Saturday, November 11, 2023 8:16 PM IST
തിരുവനന്തപുരം: പിആർഎസ് വായ്പയിലെ കുടിശിക അല്ല തകഴിയിൽ ആത്മഹത്യ ചെയ്ത കർഷകന്റെ സിബിൽ സ്കോറിനെ ബാധിച്ചതെന്ന് ഭക്ഷ്യ, സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ.
2021-22 കാലയളവിൽ ഈ കർഷകനിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില പിആർഎസ് വായ്പയായി ഫെഡറൽ ബാങ്ക് വഴി നൽകുകയും സമയബന്ധിതമായി അടച്ചുതീർക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.
2022-23 സീസണിലെ ഒന്നാം വിളയായി ഇദ്ദേഹത്തിൽ നിന്ന് 4896 കിലോ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്കു വഴി പിആർഎസ് വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു.
ഈ വർഷത്തെ ഒന്നാം വിളയുടെ സംഭരണ വില വിതരണം നാളെ മുതൽ ആരംഭിക്കാനിരിക്കുകയാണ്. കർഷകർക്ക് എത്രയും വേഗം സംഭരണവില നൽകാനുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ നടത്തിവരുന്നു. ഭാവിയിലും നെല്ല് സംഭരണം ഏറ്റവും കാര്യക്ഷമമായി നടത്താനും സംഭരണ വില താമസമില്ലാതെ നൽകാനും ആവശ്യമായ തീരുമാനങ്ങൾ കേരള സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.
മുൻകാല വായ്പകൾ ഒറ്റത്തവണയായി തീർപ്പാക്കുന്ന ഇടപാടുകാരുടെ സിബിൽ സ്കോറിനെ ഇതു ബാധിക്കുകയും ഇത്തരക്കാർക്ക് പിന്നീട് വായ്പകൾ നൽകാൻ ബാങ്കുകൾ വിമുഖത കാണിക്കുകയും ചെയ്യുന്ന സ്ഥിതി നിലനിൽക്കുന്നുണ്ട്.
ഇപ്പോൾ മരണപ്പെട്ട കർഷകന്റെ വിഷയത്തിലും മുന്പ് എടുത്തിട്ടുള്ള വ്യക്തിഗത വായ്പ ഒറ്റത്തവണ തീർപ്പാക്കിയതിന്റെ പേരിൽ ബാങ്കുകൾ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചെന്ന വെളിപ്പെടുത്തൽ സംബന്ധിച്ച വിശദാംശങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും അനിൽ പറഞ്ഞു.