കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി; കേന്ദ്രമന്ത്രി വി. മുരളീധരൻ
Saturday, November 11, 2023 7:23 PM IST
തിരുവനന്തപുരം: കർഷക ആത്മഹത്യയിൽ സർക്കാരിനെ വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. പരാജയപ്പെട്ടെന്ന് കുറിപ്പെഴുതി ജീവനൊടുക്കിയ കർഷകനെ ശരിക്കും പരാജയപ്പെടുത്തിയത് പിണറായി വിജയനെന്ന് മുരളീധരൻ പറഞ്ഞു.
നെല്ല് സംഭരണത്തിനു കേന്ദ്രം നൽകുന്ന തുക നേരിട്ട് കർഷകരിലേക്ക് എത്താനുള്ള നടപടികളുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. പണം കർഷകർക്ക് നൽകാതെ വായ്പയായി നൽകുന്ന രീതി മാറണം. സിബിൽ സ്കോർ കുറഞ്ഞു പോയാൽ വീണ്ടും വായ്പ എടുക്കാൻ സാധിക്കാതെ ഇരട്ടി ദുരിതത്തിലേക്ക് പോകുകകയാണ് കർഷകർ.
നെല്ലിന് കേന്ദ്രം കൂട്ടിയ താങ്ങുവിലയ്ക്ക് ആനുപാതികമായി കേരളവും വർധിപ്പിച്ചിരുന്നുവെങ്കിൽ ഈ സ്ഥിതി ഉണ്ടാകുമായിരുന്നില്ല. കേന്ദ്രത്തിൽ നിന്നു കിട്ടാൻ പോകുന്ന പണം കിട്ടിയില്ല എന്നത് തെറ്റിദ്ധരിപ്പിക്കലാണ്.
ഒരുനയാപ്പൈസ പോലും നൽകാനില്ലെന്ന് കണക്കുസഹിതം വിശദീകരിച്ചതാണ്. ഡൽഹിയിൽ സമരം ചെയ്യുകയല്ല കേന്ദ്രം നൽകിയത് കൊടുത്ത് തീർക്കുകയാണ് വേണ്ടതെന്നും മുരളീധരൻ വ്യക്തമാക്കി.