ഗണേഷിനു മന്ത്രിയാകാൻ തടസമില്ല: ഇ.പി. ജയരാജൻ
Friday, November 10, 2023 3:33 PM IST
തിരുവനന്തപുരം: കെ.ബി. ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിൽ ഒരു തടസവും ഇല്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ. മന്ത്രിസഭാ പുനഃസംഘടന നേരത്തെ തീരുമാനിച്ചത് പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗണേഷ് കുമാറും കടന്നപ്പള്ളിയും മന്ത്രിമാരാകുമെന്നും വിചാരണ നേരിടുന്നതുകൊണ്ട് ഗണേഷ് കുറ്റക്കാരൻ ആകുന്നില്ല. നവകേരള സദസിന് മുൻപ് മന്ത്രിസഭാ പ്രവേശം വേണമെന്ന് കേരള കോൺഗ്രസ്-ബി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇ.പി വ്യക്തമാക്കി.
മുസ്ലിം ലീഗ് യുഡിഎഫിൽനിന്ന് അകലുകയാണ്. പലതരത്തിലുള്ള സമ്മര്‍ദമാണ് കോണ്‍ഗ്രസ് ലീഗിന് നല്‍കുന്നത്. ലീഗിനെ ഭയപ്പെടുത്തി ഒപ്പം നിര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. അതുകൊണ്ട് ലീഗിന് കോൺഗ്രസിനോട് പഴയകാലത്തുളള അടുപ്പം ഇല്ലാതായി.
ഈ നിലയിൽ ലീഗിന് അധികകാലം തുടരാനാകില്ല. കോൺഗ്രസ് തെറ്റായ വഴിയിലെന്ന് ലീഗിന് അഭിപ്രായമുണ്ട്. പക്ഷെ, ലീഗ് അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുന്നില്ലെന്നു മാത്രം. പലസ്തീൻ വിഷയത്തില്‍ ശശി തരൂര്‍ നടത്തിയ പ്രസംഗം ലീഗ് മഹാറാലിയുടെ ശോഭ കെടുത്തി.
ആര്യാടൻ ഷൗക്കത്തിനെതിരായ കോൺഗ്രസ് നടപടിയിൽ ന്യൂനപക്ഷങ്ങൾക്ക് വലിയ എതിര്‍പ്പാണുള്ളത്. ഇനിയും കോൺഗ്രസിനൊപ്പം നിൽക്കണോ എന്ന് ലീഗ് തീരുമാനിക്കണം. സിപിഎം നയങ്ങളോട് ലീഗ് അണികളിലും നേതാക്കളിലും അനുകൂലമായ മാറ്റമുണ്ട്. എൽഡിഎഫിലേക്ക് ലീഗിനെ പ്രത്യേകം ക്ഷണിക്കേണ്ടതില്ലെന്നും ഇ.പി കൂട്ടിച്ചേർത്തു.
കേരളീയത്തിന് ചെലവായ തുകയുടെ പതിന്മടങ്ങ് വ്യാപാരമുണ്ടായി. ആ പണം കേരളം മുഴുവൻ ചലിക്കുകയാണ്. ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ സമരം ബാഹ്യസമ്മർദത്തെ തുടർന്നാണ്. കുടുംബശ്രീക്കാരെ പിടിച്ചുകൊണ്ടുവന്ന് സമരം ചെയ്യിക്കുന്നതിനു പിന്നിൽ യുഡിഎഫും ബിജെപിയുമാണ്. എല്ലാ പണവും ഒന്നിച്ച് കൊടുക്കാൻ കഴിയുമോയെന്നും ഇ.പി.ജയരാജൻ ചോദിച്ചു.