സുഡാനില്‍ കോണ്‍വെന്റിന് നേരെ ബോംബാക്രമണം; മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു
Thursday, November 9, 2023 1:42 PM IST
ഖാര്‍ത്തൂം: വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സുഡാനില്‍ സന്യാസ ഭവനത്തിന് നേരെ ബോംബാക്രമണം. ഡോട്ടേഴ്സ് ഓഫ് മേരി ഹെല്പ് ഓഫ് ക്രിസ്ത്യന്‍സ് (എഫ്.എം.എ) സന്യാസിനി സമൂഹത്തിന്റെ കോണ്‍വെന്റിലാണ് ബോംബ് പതിച്ചത്. ഇവിടെയുണ്ടായിരുന്ന മലയാളി വൈദികനും സന്യസ്തരും അത്ഭുതകരമായി രക്ഷപ്പെട്ടു.
സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സ്ഫോടനത്തില്‍ കോണ്‍വന്റിലെ മൂന്ന് മുറികള്‍ തകര്‍ന്നു.
കോണ്‍വെന്റിൽ ഉണ്ടായിരുന്ന അമ്മയ്ക്കും കുഞ്ഞിനും ഇവിടുത്തെ ഒരു അധ്യാപികയുടെ കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. സ്ഫോടനത്തില്‍ തകര്‍ന്ന വാതിലുകള്‍ ദേഹത്ത് പതിച്ച് രണ്ട് സന്യാസിനിമാര്‍ക്കും പരിക്കുണ്ട്.
നിരവധി അമ്മമാര്‍ക്കും കുട്ടികള്‍ക്കും, പ്രായമായവര്‍ക്കും, രോഗികള്‍ക്കും അഭയം നല്‍കിവരുന്ന കോണ്‍വെന്റിന് നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് സേവനവുമായി അഞ്ചു കന്യാസ്ത്രീകളും മലയാളി സലേഷ്യന്‍ വൈദികനായ ഫാ. ജേക്കബ് തേലെക്കാടനുമാണ് ഇവിടെ താമസിച്ചുക്കൊണ്ടിരിന്നത്.
ഒന്നാം നിലയുടെ വിവിധ ഭാഗങ്ങളില്‍ രണ്ട് സ്ഫോടനങ്ങളാണ് ഉണ്ടായതെന്ന് ഫാ. ജേക്കബ് പ്രതികരിച്ചു. സ്ഫോടത്തില്‍ തകര്‍ന്നുകിടക്കുന്ന കെട്ടിട അവശിഷ്ടങ്ങളുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിവിധ സൈനിക വിഭാഗങ്ങള്‍ക്കിടയിലെ ഭിന്നതകളെ തുടര്‍ന്നാണ് സുഡാനില്‍ ശക്തമായ ആഭ്യന്തര യുദ്ധം നടക്കുന്നത്. സായുധ പോരാട്ടങ്ങളില്‍ അയ്യായിരത്തോളം പേര് ഇതിനോടകം തന്നെ കൊല്ലപ്പെടുകയും പന്ത്രണ്ടായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദശലക്ഷകണക്കിന് ആളുകളാണ് ഭവനരഹിതരായത്.
ഫാ. ജേക്കബ് നേരത്തേ ഖാര്‍ത്തൂമിലെ സെന്റ് ജോസഫ് വൊക്കേഷണല്‍ സെന്ററിന്റെ ചുമതല വഹിച്ചിരുന്നുവെങ്കിലും കനത്ത പോരാട്ടം നടക്കുന്ന പ്രദേശമായതിനാല്‍ സ്ഥാപനം അടച്ചുപൂട്ടുകയായിരുന്നു.