പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ്; കെ.കെ. എബ്രാഹം അറസ്റ്റിൽ
Wednesday, November 8, 2023 8:21 PM IST
വയനാട്: പുൽപ്പള്ളി സഹകരണബാങ്ക് തട്ടിപ്പ് കേസിൽ ബാങ്ക് മുൻ പ്രസിഡന്റും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെ.കെ. എബ്രാഹം അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കോഴിക്കോട് യൂണിറ്റാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ കെ.കെ. എബ്രാഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കെ.കെ. എബ്രാഹമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഇഡി ഓഫീസിൽ തിരികെ എത്തിച്ചു.
കഴിഞ്ഞമാസം കെ.കെ. എബ്രാഹമിന്റെ വിശ്വസ്തൻ സജീവൻ കൊല്ലപ്പള്ളിയെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ കള്ളപ്പണം വെളുപ്പിക്കാനും വായ്പ തട്ടിപ്പ് ഇടനിലക്കാരനായി പ്രവർത്തിച്ചിരുന്നു എന്നും ഇഡി കണ്ടെത്തിയിരുന്നു.
നേരത്തെ, പുൽപ്പള്ളി ബാങ്കിൽ നിന്ന് ലോണെടുത്ത കർഷകൻ ജീവനൊടുക്കിയിരുന്നു. 80,000 രൂപയായിരുന്നു ലോണെടുത്തിരുന്നത്. എന്നാൽ 40 ലക്ഷം രൂപ തിരിച്ചടക്കണമെന്ന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു.
ഇതോടെ കർഷകൻ ജീവനൊടുക്കുകയായിരുന്നു. കെ.കെ. എബ്രഹാം ഉൾപ്പെടെ നാലോളം പേരുടെ പേരുവിവരങ്ങൾ ആത്മഹത്യക്കുറിപ്പിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവരുന്നത്.