മാക്സ്വെല് കൊടുങ്കാറ്റില്‍ കടപുഴകി അഫ്ഗാനിസ്ഥാന്; ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്സ്
Tuesday, November 7, 2023 10:57 PM IST
മുംബൈ: ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യു പൊരുതിയെങ്കിലും പരാജയമായിരുന്നു അന്തിമഫലം.എന്നാൽ ഗ്ലെൻ മാക്സ് വെൽ എന്ന അഭിനവ അഭിമന്യു പരാജയപ്പെട്ടു വീഴാൻ ഒരുക്കമായിരുന്നില്ല.
പരിക്കിനെ വകവയ്ക്കാതെ അയാൾ ബാറ്റ് വീശിയത് ചരിത്രത്തിന്റെ താളുകളിലേക്കായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനവുമായി ഗ്ലെന്‍ മാക്സ്വെല് കളം നിറഞ്ഞപ്പോള്‍ അഫ്ഗാനിസ്ഥാനെതിരേ ഓസ്ട്രേലിയയ്ക്ക് അവിശ്വസനീയ വിജയവും സെമി ബര്‍ത്തും.
ഒരിക്കലും വിജയിക്കില്ലെന്നു കരുതിയ ഒരു മത്സരം അതും അക്ഷരാര്‍ഥത്തില്‍ ഒറ്റയ്ക്ക് വിജയിപ്പിച്ച ഗ്ലെന്‍ മാക്സ്വെലിനു മുമ്പില്‍ പൊലിഞ്ഞത് ഒരു രാജ്യത്തിന്റെയാകെ പ്രതീക്ഷകളാണ്.
വാങ്കഡെയില്‍ അഫ്ഗാനിസ്ഥാന് 291 റണ്‍സ് നേടിയപ്പോള്‍ ഏവരുമൊന്നു ഞെട്ടി. 284 റൺസിനു മുകളിൽ പിന്തുടർന്ന് ആരും ഇവിടെ ജയിച്ചിട്ടില്ലായിരുന്നു.
തുടര്‍ന്ന് മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ സ്കോര്‍ 91ല്‍ എത്തുമ്പോഴേക്കും അവരുടെ ഏഴു ബാറ്റ്സ്മാന്മാര് കൂടാരം കയറിയിരുന്നു. ഇതോടെ കടുത്ത ഓസീസ് ആരാധകര്‍ പോലും അവരുടെ സ്കോര്‍ 150നു മുകളില്‍ പ്രവചിച്ചു കാണില്ല.
എന്നാല്‍ പിന്നീട് നടന്നത് ക്രിക്കറ്റ് ഇന്നുവരെ കണ്ടിട്ടില്ലാത്ത,യക്ഷിക്കഥകളെ വെല്ലുന്ന സംഭവങ്ങളായിരുന്നു. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ ഒരറ്റത്തു കാഴ്ചക്കാരനാക്കി നിര്‍ത്തി മാക്സ് വെല്‍ നടത്തിയ സംഹാര താണ്ഡവത്തില്‍ തകര്‍ന്നടിഞ്ഞത് അഫ്ഗാന്റെ സ്വപ്നങ്ങൾ മാത്രമല്ല നിരവധി റിക്കാര്‍ഡുകളും കൂടിയാണ്.
ഒരു ഏകദിന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സില്‍ ആദ്യമായാണ് ഒരു ഇരട്ട സെഞ്ചുറി പിറക്കുന്നത്. പിന്തുടര്ന്നു നേടുന്ന വിജയങ്ങളിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും മാക്സ്വെല്ലിന്റെ ഈ മാരക ഇന്നിംഗ്സ് തന്നെ.
എട്ടാം വിക്കറ്റിലെ ലോക റിക്കാര്‍ഡും മാക്സ്വെല്-കമ്മിന്‍സ് സഖ്യം തങ്ങളുടെ പേരില്‍ എഴുതിച്ചേര്‍ത്തു. 202 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടിലൂടെയാണ് ഇവര്‍ മത്സരം അഫ്ഗാനില്‍ നിന്ന് പിടിച്ചെടുത്തത്. 2006ല്‍ ഇന്ത്യയ്ക്കെതിരേ ജസ്റ്റിന് കെമ്പും ആന്‍ഡ്രൂ ഹാളും ചേര്‍ന്ന് നേടിയ 138 റണ്‍സാണ് ഇതോടെ പഴങ്കഥയായത്.
ഇതോടൊപ്പം ഓസ്ട്രേലിയയ്ക്കായി ഏകദിനത്തില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിക്കുന്ന താരം എന്ന നേട്ടവും മാക്സിക്ക് സ്വന്തമായി. മറികടന്നത് ഷെയ്ന് വാട്സണ് ബംഗ്ലാദേശിനെതിരേ നേടിയ 185 റണ്‍സ്. ഏകദിന ചരിത്രത്തിലെ വേഗതയേറിയ രണ്ടാമത്തെ ഇരട്ട സെഞ്ചുറിയാണിത്.
128 പന്തില്‍ പത്ത് സിക്സറും 21 ബൗണ്ടറികളും അടങ്ങുന്ന ഇന്നിംഗ്സിന്റെ മഹത്വം മനസിലാകണമെങ്കിൽ ടീമിലെ ബാക്കിയെല്ലാവരും കൂടി നേടിയ റണ്‍സ് 92 ആണെന്നറിയണം. മാക്സ് വെല്‍ കഴിഞ്ഞാല്‍ ടീമിലെ പ്രധാന സ്കോറര്‍ 24 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷ് ആണെന്നതും ഓര്‍ക്കണം.
സെഞ്ചുറി നേടിയ ഇബ്രാഹിം സദ്രാന്റെയും അവസാന ഓവറുകളില്‍ വെടിക്കെട്ടു തീര്‍ത്ത റഷീദ് ഖാന്റെയും പ്രകടനം ഈ ബ്രഹ്മാണ്ഡ പ്രകടനത്തിനു മുമ്പില്‍ ഒന്നുമല്ലാതാകുന്ന കാഴ്ചയാണ് ക്രിക്കറ്റ് ലോകം കണ്ടത്.
ഒരാൾ വീഴുന്പോൾ മറ്റൊരാൾ പടനയിക്കുന്ന പഴയ ഓസ്ട്രേലിയൻ ടീമിന്റെ പാരന്പര്യത്തെ വീണ്ടുമോർപ്പിക്കുന്ന ഈ ഇന്നിംഗ്സ് ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ചരിത്രത്തില്‍ ഒളിമങ്ങാതെ നിലനില്‍ക്കുമെന്ന് തീര്‍ച്ചയാണ്.