സംവരണത്തിന്റെ തോത് 65 ശതമാനം ആക്കി ഉയര്‍ത്തണമെന്ന നിര്‍ദേശവുമായി നിതീഷ് കുമാര്‍
Tuesday, November 7, 2023 9:07 PM IST
പട്ന: പട്ടികജാതി-പട്ടികവര്‍ഗ,പിന്നാക്ക, അതി പിന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അനുവദിച്ചിരിക്കുന്ന സംവരണത്തിന്റെ തോത് 65 ശതമാനമാക്കി ഉയര്‍ത്താന്‍ നിര്‍ദേശവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.
സാമ്പത്തികമായി പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നവര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 10 ശതമാനം കൂട്ടാതെയാണിത്. ഇതു കൂടി ഉള്‍പ്പെടുമ്പോള്‍ സംവരണത്തിന്റെ തോത് 75 ശതമാനമാവും.
1992ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി പ്രകാരം സംസ്ഥാനത്തെ സംവരണത്തിന്റെ തോത് 50 ശതമാനത്തില്‍ കവിയാന്‍ പാടില്ലെന്നുണ്ട്. അത് മറികടക്കുന്ന നിര്‍ദേശമാണ് ഇപ്പോള്‍ നിതീഷ് മുമ്പോട്ടു വച്ചിരിക്കുന്നത്.
ആവശ്യമായ കൂടിയാലോചനകള്‍ക്ക് ശേഷം ഞങ്ങള്‍ വേണ്ടത് ചെയ്യും. നിയമസഭയുടെ നിലവിലെ സമ്മേളനത്തില്‍ തന്നെ ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം. ഒബിസി സ്ത്രീകള്‍ക്കുള്ള മൂന്ന് ശതമാനം സംവരണം ഒഴിവാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതിയ നിര്‍ദേശമനുസരിച്ച് പട്ടികജാതി സംവരണം 20 ശതമാനമായി ഉയരും. ഒബിസി, ഇബിസി(സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍) സംവരണത്തിന്റെ തോത് ഇതോടെ 30 ശതമാനത്തില്‍ നിന്ന് 43 ശതമാനമായും ഉയരും. പട്ടികവര്ഗത്തിനുള്ളതാണ് ശേഷിക്കുന്ന രണ്ട് ശതമാനം സംവരണം.
നിലവില്‍ സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 18 ശതമാനവും മറ്റു പിന്നാക്കാവസ്ഥയിലുള്ളവര്‍ക്ക് 12 ശതമാനവുമാണ് സംവരണം. പട്ടികജാതികളുടെ സംവരണം 16 ശതമാനവും പട്ടികവര്‍ഗത്തിന്റെ സംവരണം ഒരു ശതമാനവുമാണ്.
ജാതി സര്‍വേയുടെ സമ്പൂര്‍ണ റിപ്പോര്‍ട്ട് ബിഹാര്‍ നിയമസഭയുടെ മുമ്പാകെ എത്തി മണിക്കൂറുകള്‍ക്കകമാണ് ഇത്തരമൊരു നിര്‍ദേശം മുമ്പോട്ടു വയ്ക്കപ്പെട്ടത്.