എല്‍ജിബിടി ഉള്ളടക്കമുള്ള ഫോട്ടോ പ്രദര്‍ശിപ്പിച്ചു; ഹംഗറിയിലെ ദേശീയ മ്യൂസിയം മേധാവിയെ പുറത്താക്കി
Tuesday, November 7, 2023 5:38 AM IST
ബുഡാപെസ്റ്റ്: എല്‍ജിബിടി ഉള്ളടക്കമുള്ള ചിത്രങ്ങള്‍ കാണാന്‍ പ്രായപൂര്‍ത്തിയാവാത്ത ആളുകളെ അനുവദിച്ചതിന് ഹംഗറി നാഷണല്‍ മ്യൂസിയം മേധാവി ലാസ്ലോ സൈമണെ പുറത്താക്കി.
സ്വവര്‍ഗ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ ഉള്ള പുസ്തകങ്ങളും സിനിമകളും ഉള്‍പ്പെടെയുള്ള കുട്ടികളിലെത്തിക്കുന്നത് ഹംഗറിയില്‍ നിയമംമൂലം നിരോധിച്ചിട്ടുണ്ട്.
സമീപദിവസങ്ങളില്‍ ലോക പ്രസ് ഫോട്ടോ പ്രദര്‍ശനത്തിന് മ്യൂസിയം ആതിഥേയത്വം വഹിച്ചിരുന്നു. ഈ അവസരത്തില്‍ ഫിലിപ്പീന്‍സില്‍ നിന്നുള്ള എല്‍ജിബിടി ആളുകളെപ്പറ്റിയുള്ള ചിത്രങ്ങളും ഇതിൽ പ്രദര്‍ശിപ്പിച്ചിരുന്നു.
എന്നാല്‍ മ്യൂസിയം മനഃപൂര്‍വം നിയമ ലംഘനം നടത്തിയിട്ടില്ലെന്നും 18 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഫോട്ടോ പ്രദര്‍ശനത്തിലേക്ക് അനുമതി നിഷേധിച്ചിരുന്നതായും സൈമണ്‍ പറയുന്നു.
''ഒരു അച്ഛനെന്ന നിലയിലും നാലു കുട്ടികളുടെ മുത്തശ്ശന് എന്ന നിലയിലും നമ്മുടെ കുട്ടികള്‍ എന്നില്‍ നിന്നോ ഞാന്‍ നയിക്കുന്ന സ്ഥാപനത്തില്‍ നിന്നോ സംരക്ഷിക്കപ്പെടണമെന്ന ആശയത്തെ ഞാന്‍ പുറംതള്ളുന്നു'' ഫേസ്ബുക്ക് കുറിപ്പില്‍ സൈമണ്‍ പറഞ്ഞു.
ഫിലിപ്പീന്‍സിലെ മുതിര്‍ന്ന എല്ജിബിടിക്കാരെക്കുറിച്ചുള്ള ഫോട്ടോ പ്രദര്‍ശനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തീവ്ര വലതുപക്ഷക്കാരിയായ ഒരു അഭിഭാഷക മുമ്പ് സർക്കാരിനെ സമീപിച്ചിരുന്നു.
2012ല്‍ ഇത് സംബന്ധിച്ച് ഹംഗറിയില്‍ പാസാക്കിയ നിയമവും അവര്‍ ചൂണ്ടിക്കാട്ടി. ഈ നിയമപ്രകാരം സ്വവര്‍ഗ ലൈംഗികത, പുരുഷ സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങള്‍, ലിംഗമാറ്റം തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടങ്ങള്‍ കുട്ടികളെ കാണിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
മ്യൂസിയം അതിന്റെ വെബ്സൈറ്റിലും പ്രവേശന കവാടത്തിലും പ്രദര്‍ശിപ്പിച്ചിരുന്ന നോട്ടീസിലെ ചിത്രമാണ് നിയമം ലംഘിച്ചതെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് " ഞെട്ടിക്കുന്നത് ' എന്നായിരുന്നു ഫോട്ടോ പ്രദർശനത്തിന്റെ സംഘാടകരുടെ പ്രതികരണം. മുൻ പ്രധാനമന്ത്രി വിക്ടർ ഓർബാന്റെ വലതുപക്ഷ മന്ത്രിസഭയിലെ ഒരു മന്ത്രി കൂടിയായിരുന്നു ലാസ്ലോ സൈമൺ.