കടുത്ത നടപടിയുമായി ഗതാഗത വകുപ്പ്; പിഴ അടയ്ക്കാത്തവർക്ക് പുക സർട്ടിഫിക്കറ്റ് ഇല്ല
Monday, November 6, 2023 9:04 PM IST
തിരുവനന്തപുരം: ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന റോഡ് സുരക്ഷ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബര്‍ ഒന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.
അംഗീകൃത കേന്ദ്രങ്ങളില്‍ പുകപരിശോധന നടത്തുമ്പോള്‍ തന്നെ ആ വാഹനങ്ങള്‍ക്ക് പിഴക്കുടിശിക ഉണ്ടോയെന്ന് പരിശോധിക്കാനാണ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.
നിയമലംഘനങ്ങളുടെ പിഴയെല്ലാം അടച്ച വാഹനങ്ങള്‍ക്ക് മാത്രമേ പുകപരിശോധന സര്‍ട്ടിഫിക്കറ്റ് നല്‍കൂ. കൂടാതെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍നിന്ന് ഇത്തരക്കാരെ ഒഴിവാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത് ചര്‍ച്ച ചെയ്യാനായി മോട്ടോര്‍ വാഹന വകുപ്പ് ഇന്‍ഷുറന്‍സ് കമ്പനികളെ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ട്.
കാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ അഞ്ച് മുതൽ ഒക്ടോബർ വരെ 74,32,371 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 58,29,926 എണ്ണം പരിശോധിക്കുകയും 23,06,023 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും 2,103,801 ചെല്ലാനുകൾ തയാറാക്കുകയും ചെയ്തു.
139 കോടിയിലധികം രൂപ പിഴ ചുമത്താവുന്ന നിയമലംഘനങ്ങളാണ് ഈ കാലയളവിൽ നടന്നത്. ഏകദേശം 21.5 കോടി രൂപ ഇതിനകം പിഴയായി ലഭിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ എംഎല്‍മാരുടെയും എംപിമാരുടെയും 13 വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേസമയം എഐ കാമറ സ്ഥാപിച്ചതിനു ശേഷമുള്ള അഞ്ച് മാസങ്ങളിൽ റോഡ് അപകട മരണ നിരക്ക് കുറഞ്ഞതായി യോഗം വിലയിരുത്തി. എഐ കാമറ സ്ഥാപിച്ച 2023 ജൂൺ മുതൽ ഒക്ടോബർ 31 വരെ സംസ്ഥാനത്ത് 1263 റോഡപകട മരണങ്ങളാണ് ഉണ്ടായത്. 2022-ൽ ഇതേ കാലയളവിൽ സംസ്ഥാനത്ത് 1669 പേരാണ് മരിച്ചത്.