ലൈവ് ഷോ നടത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചു കൊന്നു
വെബ് ഡെസ്ക്
Monday, November 6, 2023 7:06 AM IST
മനില: സമൂഹ മാധ്യമത്തില്‍ ലൈവ് ഷോ നടത്തുന്നതിനിടെ റേഡിയോ അവതാരകനെ വെടിവച്ചു കൊന്നു. തെക്കന്‍ ഫിലിപ്പീന്‍സില്‍ ഞായറാഴ്ചയായിരുന്നു സംഭവം.
പ്രഭാതപരിപാടി അവതരിപ്പിക്കുന്നതിനെയാണ് ജുവാന്‍ ജുമാലോണ്‍ (57) എന്നയാള്‍ വെടിയേറ്റ് മരിച്ചത്. മിസാമിസ് ഓക്സിഡെന്റൽ പ്രവിശ്യയിലെ കളാമ്പ നഗരത്തിലാണ് സംഭവം.
ലൈവിനിടെ കാമറയില്‍ നിന്നും മാറി മറ്റൊരിടത്തേക്ക് ജുവാന്‍ നോക്കുന്നതും ഉടന്‍ തന്നെ ഇയാൾ വെടിയേറ്റ് വീഴുന്നതും ഒട്ടേറെ പ്രേക്ഷകര്‍ കണ്ടതായി റിപ്പോര്‍ട്ട് വന്നിരുന്നു.
രണ്ട് തവണയാണ് അക്രമി ജുവാന്‍ നേരെ വെടിയുതിര്‍ത്തത്. ശേഷം ഇദ്ദേഹത്തിന്റെ സ്വര്‍ണമാല പറിച്ചെടുക്കുകയും ചെയ്തു. അക്രമിയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമായിട്ടില്ല.
ജുവാന്റെ വീടിന് മുന്പില് മറ്റൊരാള്‍ കാത്തു നില്‍പ്പുണ്ടായിരുന്നുവെന്നും ഇയാള്‍ക്കൊപ്പം ബൈക്കില്‍ കയറി പ്രതി സ്ഥലം വിടുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.
മാധ്യമപ്രവര്‍ത്തകരെ കൊലപ്പെടുത്തുന്ന സംഭവങ്ങള്‍ ഫിലിപ്പീന്‍സില്‍ പതിവാകുകയാണ്. 1986 മുതലുള്ള കണക്കുകള്‍ നോക്കിയാല്‍ ഇതിനോകം 199 മാധ്യമപ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വന്നിരുന്നു.