ജാതി സർവേയിൽ മുസ്ലിം,യാദവ ജനസംഖ്യ പെരുപ്പിച്ചു കാട്ടി;ആരോപണവുമായി അമിത് ഷാ
Monday, November 6, 2023 1:25 AM IST
പട്ന: ജാതി സർവേ നടത്തിയ ബിഹാർ സർക്കാരിനും മുഖ്യമന്ത്രി നിതീഷ് കുമാറിനുമെതിരേ ആഞ്ഞടിച്ച് അമിത് ഷാ. സംസ്ഥാനത്ത് നടത്തിയ ജാതി സർവേയിൽ പ്രീണനരാഷ്ട്രീയത്തിന്റെ ഭാഗമായി മുസ്ലിം, യാദവ ജനസംഖ്യ മനഃപൂര്‍വം പെരുപ്പിച്ചുകാട്ടിയെന്നാണ് അമിത് ഷായുടെ ആരോപണം.
നിതീഷ് കുമാര്‍ എന്‍ഡിഎയുടെ ഭാഗമായിരുന്നപ്പോഴാണ് സംസ്ഥാനത്ത് ജാതി സര്‍വേ നടത്താന്‍ തീരുമാനിച്ചതെന്നും ബിഹാറിലെ മുസാഫര്‍പുര്‍ ജില്ലയില്‍ നടത്തിയ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകാനുള്ള സ്വപ്നം നിതീഷ് കുമാര്‍ ഉപേക്ഷിക്കണമെന്നു പറഞ്ഞ അമിത് ഷാ ഇന്ത്യ സഖ്യം നിതീഷ് കുമാറിനെ കണ്വീനറാക്കിയിട്ടില്ലെന്നും വ്യക്തമാക്കി.
ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെയും അമിത് ഷാ ആരോപണമുന്നയിച്ചു. 'ജമ്മു കാഷ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കുന്നതിന് എതിരായിരുന്നു ആര്‍ജെഡിയും ജെഡിയുവും. 370-ാം വകുപ്പ് റദ്ദാക്കിയാല്‍ ചോരപ്പുഴയൊഴുകുമെന്നാണ് ലാലു പ്രസാദ് അന്ന് പറഞ്ഞത്. ലാലു ജീ, ചോരപ്പുഴയുടെ കാര്യം വിടൂ, കല്ലെറിയാനുള്ള ധൈര്യം പോലും അവിടെയൊരാള്ക്കും ഇപ്പോഴില്ല' അമിത് ഷാ പറഞ്ഞു.
നിതീഷും ലാലുവും കുടുംബ ബിസിനസ് നടത്തുന്നവരാണെന്നും ഒരാൾക്ക് പ്രധാനമന്ത്രിയാകാനാണ് ആഗ്രഹമെങ്കിൽ മറ്റേയാൾക്ക് മകനെ മുഖ്യമന്ത്രിയാക്കാനാണ് ആഗ്രഹമെന്നും അമിത് ഷാ പറഞ്ഞു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിഹാറിലെ 40 മണ്ഡലങ്ങളിലും ബിജെപി വിജയം കാണുമെന്ന ശുഭാപ്തി വിശ്വാസവും അദ്ദേഹം പങ്കുവെച്ചു.
അതേസമയം, അമിത് ഷായുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി. നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി.
ബിഹാറില്‍ നടത്തിയ ജാതി സര്‍വേയിലെ വിവരങ്ങള്‍ തെറ്റാണെങ്കില്‍ ദേശീയതലത്തില്‍ ജാതി സെന്‍സസ് നടത്താന്‍ അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു.
ആരാണ് ജാതിസെന്‍സസ് നടത്തുന്നതില്‍നിന്ന് നിങ്ങളെ തടയുന്നതെന്നും എന്തുകൊണ്ടാണ് ജാതി സെന്‍സസ് നടത്താത്തതെന്നുമായിരുന്നു തേജസ്വിയുടെ ചോദ്യം.