പ്രാദേശിക സർക്കാരുകളുടെ ശാക്തീകരണത്തിൽ കേരളം കൈവരിച്ചത് വലിയ പുരോഗതി: മണിശങ്കർ അയ്യർ
Saturday, November 4, 2023 11:51 PM IST
തിരുവനന്തപുരം: പഞ്ചായത്തിരാജ് നിയമം നടപ്പാക്കുന്നതിലും അധികാര വികേന്ദ്രീകരണം സാധ്യമാക്കുന്നതിലും ഒന്നാം സ്ഥാനത്താണ് കേരളമെന്ന് മുൻ കേന്ദ്രമന്ത്രി മണി ശങ്കർ അയ്യർ. കേരളീയത്തിന്റെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ കേരളത്തിലെ പ്രാദേശിക സർക്കാരുകൾ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വാതന്ത്ര്യത്തിന്റെ ലക്ഷ്യം എല്ലാ വ്യക്തികളുടെയും കണ്ണീരൊപ്പുക എന്നതാണെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇതു സാധ്യമാക്കുകയാണ് കേരളം. അതിദാരിദ്ര്യ നിർമാർജനത്തിലൂടെ മുഴുവൻ ജനതയുടെയും കണ്ണീരൊപ്പുകയാണ് കേരളം.
കേരളത്തിൽ സർക്കാരുകൾ മാറി മാറി അധികാരത്തിൽ വരുന്നുണ്ടെങ്കിലും പഞ്ചായത്തിരാജിനോടുള്ള സമീപനത്തിൽ മാറ്റം വരുന്നില്ല. പഞ്ചായത്തിരാജ് രാഷ്ട്രീയ വിഷയമല്ല, മറിച്ച് ജനങ്ങളുടെ വിഷയമാണ്. ഈ മികവു തുടരാൻ കഴിയണം. പ്രാദേശിക സർക്കാരുകളുടെ ശാക്തീകരണം തുടർ പ്രക്രിയയാണ്. ഇക്കാര്യത്തിൽ വലിയ പുരോഗതി നേടാൻ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്.
കേരളത്തിൽ നഗരവത്കരണം വർധിക്കുന്ന സാഹചര്യത്തിൽ ബെൽജിയം നടപ്പാക്കുന്ന നാഗരിക പഞ്ചായത്ത് രാജ് മാതൃക പഠനവിധേയമാക്കാനും അദ്ദേഹം നിർദ്ദേശിച്ചു. കേരളത്തിന്റെ പകുതിയോളം നഗരങ്ങളായി മാറിയ സാഹചര്യത്തിൽ പഞ്ചായത്ത് രാജ് നിയമം പകുതി കാലാവധി കഴിഞ്ഞതാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
നഗരവൽക്കരണവെല്ലുവിളികൾ നേരിടാൻ കേരളം തയാറാകണം. പാരിസ്ഥിതിക പ്രശ്നങ്ങൾ കൃത്യതയോടെ കൈകാര്യം ചെയ്യണം. ഹരിത കേരള മിഷന്റെ പ്രവർത്തനങ്ങൾ നഗരമേഖലയിലും ശക്തിപ്പെടുത്തണം.
1960 കളിൽ ബിഹാറിനൊപ്പമായിരുന്ന കേരളത്തിന്റെ ദാരിദ്രനിരക്ക് ഇപ്പോൾ 0.4 ശതമാനമായി കുറഞ്ഞെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതിദാരിദ്ര്യ ലഘൂകരണത്തിന് കേരളം സ്വീകരിക്കുന്ന നടപടികൾ അദ്ദേഹം എടുത്തു പറഞ്ഞു.
കർണാടകയിലെ ഗ്രാമസ്വരാജ് പ്രവർത്തനങ്ങൾ, നിയമനിർമാണത്തിനായുള്ള രമേഷ് കുമാർ കമ്മിറ്റി റിപ്പോർട്ട് എന്നിവ അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി. അനുകരണീയമായ മാതൃകകൾ സ്വീകരിക്കാവുന്നതാണെന്ന് മണിശങ്കർ അയ്യർ കൂട്ടിച്ചേർത്തു.