ബത്തേരി കോഴക്കേസ്; സുരേന്ദ്രനെ ചോദ്യം ചെയ്യും, നോട്ടീസ് നൽകി ക്രൈംബ്രാഞ്ച്
Saturday, November 4, 2023 7:31 PM IST
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെആർപി) നേതാവ് സി.കെ. ജാനുവിന് കോഴ നൽകിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് നടപടി.
ചോദ്യം ചെയ്യലിനായി നവംബർ 14ന് രാവിലെ 11ന് കൽപ്പറ്റയിൽ, അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകണമെന്നാണ് ക്രൈംബ്രാഞ്ച് നോട്ടീസ്. എംഎസ്എഫ് നേതാവ് പി.കെ. നവാസാണ് പരാതിക്കാരൻ.
തിരുവനന്തപുരത്തുവച്ചും ബത്തേരിയിൽവച്ചും ജാനുവിന് പണം കൈമാറിയെന്നാണ് ആരോപണം. ഇതിനു വ്യക്തമായ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണ സംഘം നേരത്തെ അറിയിച്ചിരുന്നു. കേസിൽ ജെആർപി ട്രഷറർ പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് പ്രധാന തെളിവ്.
ഫോണ്‍ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതുസംബന്ധിച്ച ഫോറന്‍സിക്കിന്റെ ശബ്ദ പരിശോധന റിപ്പോര്‍ട്ടും ക്രൈംബ്രാഞ്ച് സംഘത്തിനു കൈമാറിയിരുന്നു.
സുരേന്ദ്രന് പുറമേ ജാനു, പ്രസീത അഴിക്കോട്, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ഒന്നാം പ്രതി കെ. സുരേന്ദ്രനും രണ്ടാം പ്രതി സി.കെ. ജാനുവുമാണ്. ജാനുവിന് സുരേന്ദ്രന് 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസ്.