റഷ്യയുടെ വാഗ്നർ ഗ്രൂപ്പ് ഹിസ്ബുള്ളയ്ക്ക് അത്യാധുനിക മിസൈലുകൾ അയയ്ക്കുമെന്ന് റിപ്പോർട്ട്
Friday, November 3, 2023 11:42 AM IST
വാഷിംഗ്ടൺ: ലെബനനിൽ നിന്ന് ഇസ്രയേലുമായി ഏറ്റുമുട്ടുന്ന ഹിസ്ബുള്ള തീവ്രവാദികൾക്ക് റഷ്യൻ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ് അത്യാധുനിക വ്യോമ പ്രതിരോധ മിസൈൽ സംവിധാനം അയയ്ക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. യുഎസ് ഇന്റലിജൻസിനെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വ്യോമാക്രമണത്തെ ചെറുക്കുന്നതിന് വിമാനവേധ മിസൈലുകളും തോക്കുകളും ഉപയോഗിക്കുന്ന സംവിധാനമായ എസ്എ-22 ആണ് ഹിസ്ബുള്ളയ്ക്ക് നല്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വാഗ്നർ ഗ്രൂപ്പും ഹിസ്ബുള്ളയും തമ്മിലുള്ള ചർച്ചകൾ അമേരിക്കൻ ഉദ്യോഗസ്ഥർ ഇപ്പോൾ നിരീക്ഷിച്ചുവരികയാണെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
പാന്റ്സിർ-എസ്1 എന്നും അറിയപ്പെടുന്ന ഇത് റഷ്യൻ നിർമിതമായ, ഒരു ട്രക്കിൽ ഘടിപ്പിച്ച ഭൂതല-വിമാന മിസൈലും വിമാനവേധ ആയുധ സംവിധാനവുമാണ്. ഈ ആയുധം റഷ്യ - യുക്രെയ്ൻ യുദ്ധത്തിലും ഉപയോഗിച്ചിരുന്നു.
ഇസ്രയേൽ - ഹമാസ് യുദ്ധം രൂക്ഷമായതോടെ ലെബനീസ് അതിർത്തിയിൽ ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ഏറ്റുമുട്ടലും വർധിച്ചിട്ടുണ്ട്. ഇസ്രയേലിന്റെ വ്യോമാക്രമണങ്ങൾക്കെതിരായ പ്രതിരോധ ആവശ്യങ്ങൾക്കായി ഈ ആയുധം ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ളയ്ക്ക് പശ്ചിമേഷ്യയിൽ വിന്യസിക്കാനാകും.
യുഎസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, എസ്എ-22 ഇതുവരെ ലെബനനിലേക്ക് കൈമാറിയിട്ടില്ല. എന്നാൽ ഹിസ്ബുള്ളയുടെയും വാഗ്നറുടെയും പ്രതിനിധികൾ നിലവിൽ സിറിയയിലുണ്ടെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
എന്നിരുന്നാലും, ഇസ്രയേൽ നടത്തുന്ന വ്യോമാക്രമണങ്ങൾക്കെതിരെ പോരാടുന്നതിന് ഹമാസിനെ സഹായിക്കാൻ ആയുധം ലെബനനിൽ നിന്ന് ഗാസയിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.
കൂടാതെ, വാഗ്നറും ഹിസ്ബുള്ളയും തമ്മിലുള്ള ചർച്ചയെക്കുറിച്ച് റഷ്യൻ ഉദ്യോഗസ്ഥരും ഇതുവരെ പ്രതികരിച്ചിട്ടില്ല.