പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവം; രണ്ട് പോലീസുകാർക്കെതിരേ കേസെടുത്തു
Friday, November 3, 2023 10:44 AM IST
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തിൽ രണ്ട് പോലീസുകാർക്കെതിരേ കേസെടുത്തു. പാലാ പോലീസ് സ്റ്റേഷനിലെ പ്രേംസൺ, ബിജു എന്നിവർക്കെതിരെയാണ് കേസ്.
ഇവർക്കെതിരെയുള്ള ആഭ്യന്തര അന്വേഷണത്തിന്റെ റിപ്പോർട്ട് പാലാ ഡിവൈഎസ്പി കോട്ടയം എസ്പിക്ക് സമർപ്പിച്ചിട്ടുണ്ട്. ഇരുവർക്കുമെതിരേ വകുപ്പുതല നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.
ലൈസൻസില്ലാതെ വാഹനമോടിച്ചതിന് അങ്കമാലി സ്വദേശിയായ വിദ്യാർഥിയെ കസ്റ്റഡിയിലെടുത്ത ശേഷം മർദിച്ചെന്നാണ് പരാതി. പെരുമ്പാവൂര്‍ സ്വദേശി പാര്ഥിപന് (17) ആണ് മര്‍ദനമേറ്റത്.
ഞായറാഴ്ച രാവിലെയാണ് സംഭവം. ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച തന്നെ തടഞ്ഞ് നിര്‍ത്തിയശേഷം സ്റ്റേഷനില്‍ എത്തിച്ച് രണ്ട് പോലീസുകാര്‍ കുനിച്ചുനിര്‍ത്തി മര്‍ദിക്കുകയായിരുന്നുവെന്ന് പാര്ഥിപന് പറഞ്ഞു.
സിസിടിവി ഇല്ലാത്ത സ്ഥലങ്ങളിൽവച്ചായിരുന്നു മർദനം. ഇത് ആരോടെങ്കിലും പറഞ്ഞാല്‍ കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
നിലവില്‍ വിദ്യാര്‍ഥി ആശുപത്രിയില്‍ ചികിത്സയിലാണ്. നട്ടെല്ലിനേറ്റ പരിക്കിനെ തുടര്‍ന്ന് പാര്ഥിപന് അനങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് കുടുംബം പ്രതികരിച്ചിരുന്നു.