താത്കാലിക നിയമനങ്ങള്‍ക്ക് പൂട്ടിട്ട് ഭരണപരിഷ്കാര വകുപ്പ്
സീമ മോഹന്‍ലാല്‍
Thursday, November 2, 2023 5:01 PM IST
കൊച്ചി: റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിച്ചുള്ള താല്‍ക്കാലിക നിയമനങ്ങള്‍ വിലക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയുള്ള നിയമനം, ദിവസക്കൂലി/കരാര്‍ നിയമനം എന്നീ താല്‍ക്കാലിക നിയമന രീതികളൊന്നും പിഎസ്സി റാങ്ക് ലിസ്റ്റ് നിലവിലുള്ള ഒരു തസ്തികയിലും നടത്തരുതെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിന്റെ ഉത്തരവിലുള്ളത്. ഇതു സംബന്ധിച്ച നിര്‍ദേശം വകുപ്പു മേധാവികള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കുമാണ് നല്‍കിയിരിക്കുന്നത്.
ഒരു റാങ്ക് ലിസ്റ്റ് നിലവിലുള്ളപ്പോള്‍ ഉണ്ടാകുന്ന ഒഴിവുകളെല്ലാം അതില്‍നിന്നും നികത്തണം. ആറു മാസമോ അതിലധികമോ ദൈര്‍ഘ്യമുള്ള അവധി ഒഴിവുകള്‍, സേവന ഒഴിവുകള്‍ എന്നിവയെല്ലാം പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണം.
മൂന്നു മുതല്‍ ആറ് മാസം വരെയുള്ള അവധി ഒഴിവ് ദീര്‍ഘകാലം നിലനിന്നേക്കാനും പുതിയ ഒഴിവുകള്‍ അക്കാലയളവില്‍ ഉണ്ടായേക്കാനും സാധ്യതയുള്ളതിനാല്‍ ഈ ഒഴിവുകളും പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും ഉത്തരവിലുണ്ട്.
2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ വരെയുള്ള ഒഴിവുകളും പ്രതീക്ഷിത ഒഴിവുകളും മുന്‍കൂട്ടി കണക്കാക്കി പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. ഒഴിവുകള്‍ ഒന്നും പ്രതീക്ഷിക്കുന്നില്ലെങ്കില്‍ അക്കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള റിപ്പോര്‍ട്ടും നിര്‍ബന്ധമായും നല്‍കണം.
സംസ്ഥാനതല റിക്രൂട്ട്മെന്റുകള്‍ നടക്കുന്ന തസ്തികകളില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടത് ബന്ധപ്പെട്ട വകുപ്പ് അധ്യക്ഷനായിരിക്കണം. പിഎസ്സിക്ക് ഒഴിവ് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നിയമനാധികാരികള്‍ അതീവ ജാഗ്രതയും കൃത്യതയും പുലര്‍ത്തണമെന്നും ഉത്തരവിലുണ്ട്.
കാരണം ഒരിക്കല്‍ പിഎസ്സിക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ റദ്ദാക്കാനോ കുറവു വരുത്താനോ കഴിയില്ല. ഒഴിവ് നിലവില്‍ വരുന്ന തീയതി അനുസരിച്ചാണ് നിയമനം ഏതു വിധത്തില്‍ നടത്തണം എന്ന കാര്യം തീരുമാനിക്കുന്നത്.
അതിനാല്‍ ഒഴിവ് നിലവില്‍ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണമെന്നുമാണ് നിര്‍ദേശം. നിര്‍ദേശം ലംഘിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ കര്‍ശന നടപടി ഉണ്ടാകുമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ട്.