കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജെറ്റ് എയർവേയ്സിന്റെ 538 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
Wednesday, November 1, 2023 6:41 PM IST
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജെറ്റ് എയർവേയ്സ് ഇന്ത്യ ലിമിറ്റഡിന്റെ 538 കോടി രൂപ മൂല്യമുള്ള സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ജെറ്റ് എയർവെയ്സ് സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ ഗോയൽ, മകൻ നിവാൻ ഗോയൽ എന്നിവരുൾപ്പെടെ നിരവധി വ്യക്തികളുടെയും കമ്പനികളുടെയും ഉടമസ്ഥതയിലുള്ള 17 പാർപ്പിട, വാണിജ്യ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഇന്ത്യയിലും ദുബായിലും ലണ്ടനിലുമാണ് സ്വത്തുക്കള്‍.
ഗോയലിന്റെ പേരിലുള്ളതിന് പുറമെ ജെറ്റ്എയർ പ്രൈവറ്റ് ലിമിറ്റഡ്, ജെറ്റ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളുടെ കീഴിലുള്ള സ്വത്തുക്കളും ഉൾപ്പെടുന്നു.
കാനറാ ബാങ്കിന്റെ പരാതിയിൽ ഇഡി രജിസ്റ്റർ ചെയ്തിരിക്കുന്ന കേസിൽ, ചൊവ്വാഴ്ച അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചിരുന്നു. നരേഷ് ഗോയലിനും മറ്റ് അഞ്ചുപേർക്കുമെതിരെയാണ് കുറ്റപത്രം. നിലവിൽ നരേഷ് ഗോയൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.