ലോകകപ്പ് ക്രിക്കറ്റ്: ശ്രീലങ്കന്‍ പ്രതീക്ഷകള്‍ എറിഞ്ഞിടാന്‍ അഫ്ഗാനിസ്ഥാന്
Monday, October 30, 2023 1:22 PM IST
മുംബൈ: ഏകദിന ലോകകപ്പില്‍ തിങ്കളാഴ്ച ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടും. പൂനൈയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് ടീമിനും സെമി സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമാണ്.
നിലവില്‍ അഞ്ച് മത്സരത്തില്‍ നിന്ന് രണ്ട് ജയം ഉള്‍പ്പെടെ നാല് പോയിന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്താണ്. അഞ്ച് മത്സരത്തില്‍ നിന്ന് നാല് പോയിന്റ് തന്നെയുള്ള അഫ്ഗാനിസ്ഥാന് ഏഴാം സ്ഥാനത്തുമാണ്.
ബാറ്റിംഗിലും ബൗളിംഗിലും സ്ഥിരതപുലര്‍ത്തുന്ന ടീമാണ് അഫ്ഗാനിസ്ഥാനിന്റേത്. റഹ്മാനുള്ള ഗുര്‍ബാസ്, ബ്രാഹിം സദ്രാന്, റഹ്മത്ത് ഷാ, ഹഷ്മത്തുള്ളാഹ് ഷാഹിദി, എന്നിവര്‍ ബാറ്റിംഗ് കരുത്താകുമ്പോള്‍ റാഷിദ് ഖാന്, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന് ബൗളിംഗില്‍ തിളങ്ങുന്നു.
ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചാല്‍ സെമിയിലേക്കെത്താനുള്ള അവസരമാണ് ശ്രീലങ്കയ്ക്ക് മുന്നിലുള്ളത്. ഏഞ്ചലോ മാത്യൂസിന്റെ വരവ് ശ്രീലങ്കയ്ക്ക് വലിയ കരുത്തായിട്ടുണ്ട്. പത്തും നിസങ്ക, കുശല്‍ പെരേര, കുശല്‍ മെന്‍ഡിന്‍സ്, സദീര സമരവിക്രമ തുടങ്ങിയ മികച്ച ബാറ്റര്‍മാര്‍മാരും ലങ്കയ്ക്കുണ്ട്.