ഗാസയിൽ ഇന്റർനെറ്റ്,മൊബൈൽ സേവനങ്ങൾ ലഭ്യമായി തുടങ്ങി; ആശുപത്രികളുടെ അടിയിൽ രഹസ്യകേന്ദ്രങ്ങളെന്ന് ഇസ്രയേൽ
Monday, October 30, 2023 7:12 AM IST
ഗാസ: ഇസ്രയേലിന്റെ കരയാക്രമണത്തെത്തുടർന്ന് ഗാസയിൽ നഷ്ടമായ ഇന്റർനെറ്റ്, മൊബൈൽ ഫോൺ സേവനങ്ങൾ ഞായറാഴ്ചയോടു കൂടി ലഭിച്ചു തുടങ്ങി.
കുറേ ആളുകളുടെ ഫോണുകൾ പ്രവർത്തിച്ചു തുടങ്ങിയതായി ഗാസയിൽ ഇന്റർനെറ്റ്, ടെലികോം സൗകര്യങ്ങൾ നൽകുന്ന കന്പനികൾ അറിയിച്ചു.
ഇന്റർനെറ്റ്, മൊബൈൽ സൗകര്യങ്ങൾ റദ്ദായതോടെ ഗാസ പൂർണമായി ഒറ്റപ്പെട്ടനിലയിലായിരുന്നു. അന്താരാഷ്ട്ര സിംകാർഡുകളും ഉപഗ്രഹ ഫോണുകളുമുള്ള ചിലരാണ് ഈ ദിവസങ്ങൾ ഗാസയിലെ സ്ഥിതിഗതികൾ പുറംലോകത്തെത്തിച്ചത്.
അതേസമയം, ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അൽ ഷിഫയ്ക്കടുത്ത് ശനിയാഴ്ച രാത്രി ഇസ്രയേൽ വ്യോമാക്രമണം നടത്തി.
യുദ്ധത്തിൽ പരിക്കേറ്റവരെയും പതിനായിരക്കണക്കിന് അഭയാർഥികളെയും കൊണ്ട് നിറഞ്ഞിരിക്കുന്ന ആശുപത്രിയാണ് ഷിഫ.
ആശുപത്രിയ്ക്കടിയിൽ ഹമാസിന്റെ ഭൂഗർഭ രഹസ്യകേന്ദ്രം ഉണ്ടെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
എന്നാൽ, ആരോപണം ഹമാസ് നിഷേധിച്ചു. ആശുപത്രിയിൽ ആക്രമണം നടത്താൻ ഉദ്ദേശിച്ചുള്ള പ്രചാരണമാണിതെന്ന് അവർ പറഞ്ഞു.
ഇതിനിടെ, ഗാസാസിറ്റിയിലെ അൽ കുദ്സ് ആശുപത്രി ഒഴിയാൻ ഇസ്രയേൽ സൈന്യം ഞായറാഴ്ച നിർദേശം നൽകിയതായി ജീവകാരുണ്യ സംഘടനയായ പലസ്തീനിയൻ റെഡ് ക്രെസന്റ് പറഞ്ഞു. 12,000 പേർ അഭയംതേടിയിരിക്കുന്ന ഈ ആശുപത്രിയിൽ ഒട്ടേറെ രോഗികളുമുണ്ട്. ആശുപത്രിക്ക് 50 മീറ്റർ അടുത്തായി വ്യോമാക്രമണമുണ്ടായി.
വെന്റിലേറ്ററിൽ കഴിയുന്ന രോഗികളുടെ ജീവൻ അപകടത്തിലാകുമെന്നതിനാൽ ഒഴിഞ്ഞുപോകില്ലെന്നാണ് അൽ കുദ്സ് ഉൾപ്പെടെ വിവിധ ആശുപത്രികളുടെ നിലപാട്.
അതേസമയം,തെക്കൻ നഗരമായ ഖാൻ യൂനിസിൽ ഇസ്രയേൽ ഞായറാഴ്ച നടത്തിയ വ്യോമാക്രമണത്തിൽ ഒരു കുടുംബത്തിലെ പത്തുപേർ ഉൾപ്പെടെ 13 പേർ മരിച്ചു.