സമിതിയുടെ നിലപാട് കേന്ദ്രസർക്കാരിന്റേതല്ല, പേരുമാറ്റത്തിൽ തീരുമാനമില്ലെന്ന് എൻസിഇആർടി
Thursday, October 26, 2023 11:24 AM IST
ന്യൂഡൽഹി: സ്കൂൾ പാഠപുസ്തകങ്ങളിൽ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരതം എന്നാക്കി മാറ്റാനുള്ള ശിപാർശക്കെതിരേ രൂക്ഷവിമർശനങ്ങൾ ഉയർന്നതിനു പിന്നാലെ വിവാദം തണുപ്പിക്കാൻ കേന്ദ്രം. സമിതിയുടെ നിലപാട് സർക്കാരിന്റേതല്ലെന്നാണ് വിശദീകരണം. നാലുമാസം മുമ്പ് വന്ന ശിപാർശയിൽ ഇതുവരെ ഒരു തീരുമാനവുമില്ലെന്ന് എൻസിആർടി അധ്യക്ഷൻ അറിയിച്ചു.
ഇത്തരമൊരു ശിപാർശ ലഭിച്ചെന്നും അതിന്മേൽ ഒരു തീരുമാനം ഉടനടി എടുക്കാൻ ഒരു സാഹചര്യം നിലവിലില്ലെന്നും അടുത്ത വർഷത്തേക്ക് നടപ്പാക്കണമെങ്കിൽ അതിൽ പ്രായോഗികമായ ചില പ്രശ്നങ്ങളും മുന്നിലുണ്ടെന്നുമാണ് എൻസിഇആർടി വ്യക്തമാക്കുന്നത്.
വിവാദം സംബന്ധിച്ച് എൻസിഇആർടി പ്രതികരണം നടത്തിയിട്ടുണ്ടെങ്കിലും കേന്ദ്ര വിദ്യാഭ്യാസമന്ത്രിയോ മന്ത്രാലയവുമായി ബന്ധപ്പെട്ട ആളുകളോ ഇതുവരെ ഔദ്യോഗികമായ പ്രതികരണത്തിന് തയാറായിട്ടില്ല.
പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് മലയാളിയായ പ്രഫ. സി.ഐ. ഐസക് അധ്യക്ഷനായ എൻസിഇആർടിയുടെ സോഷ്യൽ സയൻസ് സമിതി സമർപ്പിച്ച നിലപാടുരേഖയിലാണ് വിവാദ ശിപാർശ.
പാഠഭാഗങ്ങളിലെ മാറ്റം അടക്കം സമിതി നൽകിയ മൂന്ന് ശിപാർശകളിൽ ഒന്നാണ് ഇന്ത്യക്ക് പകരം ഭാരത് എന്ന് ഉപയോഗിക്കുക എന്നത്. പ്രാചീന ചരിത്രത്തെ ക്ലാസിക്കൽ ചരിത്രമെന്ന് പുനഃർനാമകരണം ചെയ്യണമെന്നും ഭാരതത്തിന്റെ പുരാതന ജ്ഞാനസ്രോതസുകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്നതിന് ഭാരതീയ ജ്ഞാനവ്യവസ്ഥ (ഇന്ത്യൻ നോളജ് സിസ്റ്റം - ഐകെഎസ്) സിലബിസിന്റെ ഭാഗമാക്കണമെന്നും സമിതി ശിപാർശ ചെയ്തു.
എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗികമായി പ്രതികരണം നടത്താൻ സമയമായിട്ടില്ലെന്നാണ് എൻസിആർടിയുടെ പ്രതികരണം.