പാഠപുസ്തകത്തിലെ "ഇന്ത്യ'യെ നിലനിര്‍ത്താന്‍ കേരളം: പേരുമാറ്റത്തെ ഒറ്റക്കെട്ടായി ചെറുക്കുമെന്ന് ഇന്ത്യാ സഖ്യം
വെബ് ഡെസ്ക്
Thursday, October 26, 2023 7:30 AM IST
ന്യൂഡല്‍ഹി: പാഠപുസ്തകങ്ങളില്‍ ഇന്ത്യയെന്നതിന് പകരം "ഭാരത്' എന്നാക്കാനുള്ള നീക്കത്തെ തുടര്‍ന്ന് എന്‍സിഇആര്‍ടി പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാതിരിക്കാനുള്ള സാധ്യത കേരളം തേടുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യയെന്ന പേര് നിലനിര്‍ത്തി എസ് സിഇആര്‍ടി പുസ്തകങ്ങള്‍ ഇറക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ സാങ്കേതിക പ്രശ്‌നമുണ്ടാകുമോ എന്നും പരിശോധിക്കും.
പേര് മാറ്റം രാഷ്ട്രീയലക്ഷ്യം വെച്ചുള്ള നീക്കമെന്ന നിലയില്‍ എതിര്‍ക്കുമെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. ഇത് സംബന്ധിച്ച പ്രചാരണം സംസ്ഥാന സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് നടത്തും. ഇതിനിടെ വിവാദം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പേര് മാറ്റണമെന്ന സമിതി നിലപാട് സര്‍ക്കാരിന്‍റേതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
വിവാദമുണ്ടാക്കുന്നവര്‍ സര്‍ക്കാര്‍ നിലപാടിനായി കാത്തിരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ട് വന്നു. ഇന്ത്യ എന്ന പേര് ഒഴിവാക്കുന്നതില്‍ ഒരു തീരുമാനവും ഇല്ലെന്നാണ് എന്‍സിഇആര്‍ടി അധ്യക്ഷന്‍റെ പ്രതികരണം. ഭാരത് പ്രയോഗത്തെ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി ചെറുക്കുമെന്നും അറിയിച്ചിട്ടുണ്ട്.
എന്‍സിഇആര്‍ടി സോഷ്യല്‍സയന്‍സ് പാനലാണ് ഭാരത് എന്ന് ചേര്‍ക്കുന്നതിനുള്ള നിര്‍ദേശം മുന്നോട്ടുവച്ചതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സി.ഐ. ഐസക് മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
എന്‍സിഇആര്‍ടി ഏഴംഗ ഉന്നതതല സമിതിയിലെ എല്ലാവരും ചേർന്നാണ് ശിപാര്‍ശ നല്‍കിയതെന്നും പാനല്‍ തയാറാക്കിയ സാമൂഹിക ശാസ്ത്ര ഫൈനല്‍ പൊസിഷന്‍ പേപ്പറിലും ഇക്കാര്യം പരാമര്‍ശിച്ചതായും ഐസക് കൂട്ടിച്ചേര്‍ത്തു.
ഭരണഘടനയില്‍ത്തന്നെ പറയുന്നത് 'ഇന്ത്യ അഥവാ ഭാരതം' എന്നാണെന്ന് ഐസക് ചൂണ്ടിക്കാട്ടി. ഭാരതം എന്നത് ഏറ്റവും പുരാതനമായ നാമമാണ്. 7000 വര്‍ഷത്തിലധികം പഴക്കമുള്ള പുരാതന ഗ്രന്ഥമായ വിഷ്ണു പുരാണത്തില്‍ ഉള്‍പ്പെടെ ഭാരതം എന്നു പറയുന്നുണ്ടെന്നും ഐസക് വിശദീകരിച്ചു.
1757ലെ പ്ലാസി യുദ്ധത്തിനും ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ രൂപീകരണത്തിനും പിന്നാലെയാണ് ഇന്ത്യ എന്ന പേര് പൊതുവായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇക്കാരണത്താലാണ് പാഠപുസ്തകങ്ങളില്‍ പൊതുവായി രാജ്യത്തിന്‍റെ പേര് ഭാരതം എന്നാക്കണമെന്ന് സമിതി ശിപാര്‍ശ ചെയ്തതെന്ന് ഐസക് പറഞ്ഞു.