ലൈംഗികാതിക്രമ പരാതി: ഷാക്കിര്‍ സുബ്ഹാനെ അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടു
Wednesday, October 25, 2023 10:41 PM IST
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ മല്ലു ട്രാവലര്‍ എന്ന യുട്യൂബ് വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെ (33) എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. കേസില്‍ ഇടക്കാല മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുള്ളതിനാലാണിത്.
വിദേശത്തായിരുന്ന ഷാക്കിര്‍ ഇന്ന് തിരിച്ചെത്തിയതിനു പിന്നാലെ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. യുവതിയുടേത് വ്യാജപരാതിയാണെന്നും നിയമപരമായി നേരിടുമെന്നും പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുമ്പായി ഷാക്കിര്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ നൂറു ശതമാനം നിരപരാധിയാണ്. അതുകൊണ്ടുതന്നെ ഭയമില്ല. നിയമത്തിന് അതിന്റേതായ വഴികള്‍ ഉണ്ട്. അതുപ്രകാരം മുന്നോട്ടുപോകും. അന്വേഷണവുമായി സഹകരിക്കുമെന്നും ഷാക്കിര്‍ പറഞ്ഞു. സംസ്ഥാനം വിട്ടു പോകാന്‍ പാടില്ല, പാസ്പോര്‍ട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്.
കഴിഞ്ഞമാസം 13നായിരുന്നു സംഭവം. കോഴിക്കോട് സ്വദേശിയായ പ്രതിശ്രുതവരനൊപ്പം കൊച്ചിയിലെത്തിയ സൗദി യുവതിയുടെ ഇന്റര്‍വ്യൂ എടുക്കാനായി ഷാക്കിര്‍ ഇവരെ നഗരത്തിലെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കൂടെയുള്ള ആള് പുറത്തേക്ക് ഇറങ്ങിയ സമയം ഷാക്കിര്‍ 29കാരിക്കുനേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.