വെൽഡൺ മാക്സി; മാക്സ്വെല്ലിന് ലോകകപ്പിലെ അതിവേഗ സെഞ്ചുറി
വെബ് ഡെസ്ക്
Wednesday, October 25, 2023 6:23 PM IST
ന്യൂഡൽഹി: ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെല്ലിന് ഏകദിന ലോകകപ്പിലെ അതിവേഗ സെഞ്ചുറി. ഡൽഹി അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ നെതർലൻഡ്സിനെതിരേയാണ് വേഗമേറിയ സെഞ്ചുറി പിറന്നത്. 40 പന്തിൽ ഒൻപത് ഫോറും എട്ട് സിക്സും അടക്കം 106 റൺസാണ് മാക്സ്വെൽ അടിച്ചുകൂട്ടിയത്.
ഈ ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ ഇതേ വേദിയിൽ ദക്ഷിണാഫ്രിക്കയുടെ എയ്ഡിൻ മാർക്രം 49 പന്തിൽ നേടിയ സെഞ്ചുറിയുടെ റിക്കോർഡാണ് ഓസീസ് ഓൾറൗണ്ടർ പഴങ്കഥയാക്കിയത്. 41-ാം ഓവറിൽ ക്രീസിലെത്തിയ മാക്സ്വെൽ 49-ാം ഓവറിൽ സെഞ്ചുറി തികച്ചു.
മുൻപും മാക്സ്വെൽ ലോകകപ്പിൽ അതിവേഗ സെഞ്ചുറി കുറിച്ചിട്ടുണ്ട്. 2015 ലോകകപ്പിൽ ശ്രീലങ്കയ്ക്കെതിരേ സിഡ്നിയിൽ 51 പന്തിൽ 102 റൺസ് താരം നേടിയിരുന്നു.
മാക്സ്വെല്ലിന്റെയും ഓപ്പണർ ഡേവിഡ് വാർണറുടെയും (104) സെഞ്ചുറിക്കരുത്തിൽ ഓസീസ് 50 ഓവറിൽ എട്ട് വിക്കറ്റിന് 399 റൺസ് അടിച്ചുകൂട്ടി. ഓസീസിനായി സ്റ്റീവ് സ്മിത്ത് (71), മാർനസ് ലബുഷെയ്ൻ (62) എന്നിവരും തിളങ്ങി.