ഷവർമ കഴിച്ച യുവാവ് വെന്റിലേറ്ററിൽ; കട അടച്ചുപൂട്ടി
Monday, October 23, 2023 9:09 PM IST
കോട്ടയം: ഷവർമ കഴിച്ചതിനെ തുടർന്ന് യുവാവ് ഗുരുതരാവസ്ഥയിലായിതിന് പിന്നാലെ ഷവർമ വിറ്റ കട പൂട്ടി സീൽവച്ചു. കോട്ടയം സ്വദേശി രാഹുൽ ആർ. നായർ(23)ആണ് ഷവർമ കഴിച്ച് ആരോഗ്യാവസ്ഥ ഗുരുതരമായതിനെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്നത്.
കാക്കനാട് സെസിലെ ജീവനക്കാരനായ രാഹുൽ കഴിഞ്ഞ ബുധനാഴ്ചയാണ് മാവേലിപുരത്തുള്ള ഹോട്ടൽ ഹയാത്തിൽ നിന്നും ഓൺലൈനായി ഷവർമ വാങ്ങി കഴിച്ചത്. ഇതിനു പിന്നാലെ ആരോഗ്യാവസ്ഥ മോശമാകുകയായിരുന്നു.
തുടർന്ന് വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നഗരസഭാ ഹെൽത്ത് വിഭാഗം ഹോട്ടൽ പൂട്ടുകയായിരുന്നു. ഹോട്ടൽ പൂട്ടി സീൽ വച്ചതായി തൃക്കാക്കര നഗരസഭ അറിയിച്ചു. അതിനിടെ വീട്ടുകാരുടെ പരാതിയിൽ തൃക്കാക്കര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് രാഹുൽ ചികിത്സയിൽ കഴിയുന്നത്. രാഹുലിന്റെ ആരോഗ്യാവസ്ഥ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.